ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയ എസ്.ഐ.ടി നടപടി ചോദ്യം ചെയ്ത്, കലാപത്തിൽ കൊല്ലപ്പെട്ട മുൻ എം.പി ഇഹ്സാൻ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി നൽകിയ ഹരജിയിൽ വാദംകേൾക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കേസ് നീട്ടണമെന്നാവശ്യപ്പെട്ട് ഹരജിക്കാരി നൽകിയ കത്ത് പരിഗണിച്ചാണ് നടപടിയെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽകർ നേതൃത്വം നൽകുന്ന ബെഞ്ച് അറിയിച്ചു.
കേസ് നീട്ടിവെക്കാനുള്ള അപേക്ഷ ഇനി അനുവദിക്കില്ലെന്ന് പറഞ്ഞ് ചൊവ്വാഴ്ച പരിഗണിക്കാൻ മാർച്ച് 14ന് സുപ്രീംകോടതി ബെഞ്ച് തീരുമാനിച്ചതായിരുന്നു. മറാത്ത സംവരണ കേസിൽ നിരവധി അഭിഭാഷകർ തിരക്കിലായതിനാൽ ഏപ്രിൽ മാസത്തിൽ വാദം കേൾക്കണമെന്ന് സാകിയക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കഴിഞ്ഞ മാസം ബെഞ്ചിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, ഗുജറാത്ത് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറർ തുഷാർ മേത്ത കേസ് നീട്ടിവെക്കുന്നതിനെ എതിർത്തു.
കലാപവുമായി ബന്ധപ്പെട്ട് 2002 ഫെബ്രുവരി 27 മുതൽ 2002 മേയ് വരെ വൻ ഗൂഢാലോചന നടന്നിട്ടുെണ്ടന്നും അതിനാൽ ഹരജിയിൽ നോട്ടീസ് നൽകണമെന്നും സാകിയയുടെ അഭിഭാഷകൻ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 2002 ഫെബ്രുവരി 28ന് അഹ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല്ലപ്പെട്ട 68 പേരിൽ ഒരാളാണ് ഇഹ്സാൻ ജാഫ്രി.
എന്നാൽ, കേസ് അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) 2012 ഫെബ്രുവരി എട്ടിന് അന്നെത്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.
മോദിക്കും മറ്റ് 63 മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ തെളിവുകളില്ല എന്നായിരുന്നു കണ്ടെത്തൽ.
എസ്.ഐ.ടിയുടെ നടപടിക്കെതിരായ തെൻറ ഹരജി തള്ളിയ ഗുജറാത്ത് ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സാകിയ ജാഫ്രി 2018ലാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.