ന്യൂഡൽഹി: സഹകരണ സംഘങ്ങൾ പേരിനൊപ്പം 'ബാങ്ക്' എന്ന് ഉപയോഗിക്കാനോ, അംഗങ്ങളിൽനിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാനോ പാടില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ഇതിനെതിരായ കേരളത്തിെൻറ അഭ്യർഥന റിസർവ് ബാങ്ക് തള്ളി. ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹകരണ സംഘം എന്നതുകൊണ്ട് അർഥമാക്കുന്നത് കോഓപറേറ്റീവ് സൊസൈറ്റികളാണ്; കോ-ഓപറേറ്റീവ് ബാങ്കുകളല്ല. ഈ സംഘങ്ങൾ ബാങ്കിങ് നിയന്ത്രണ നിയമത്തിെൻറ പരിധിയിൽ വരില്ല. സഹകരണ സംഘങ്ങൾക്ക് അനുവദിച്ച പ്രവർത്തനങ്ങൾ നടത്തുന്നതിന് റിസർവ് ബാങ്കിന് എതിർപ്പില്ല.
ഡിസംബർ ഒന്നിന് കേരളത്തിലെ സഹകരണ രജിസ്ട്രാറും തൊട്ടുപിറ്റേന്ന് സഹകരണ മന്ത്രിയും റിസർവ് ബാങ്കിന് കത്തെഴുതിയിരുന്നു. എന്നാൽ, ബാങ്ക് ഇതര സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തരുതെന്ന് പൊതുജനങ്ങൾക്ക് നൽകിയ ജാഗ്രത മുന്നറിയിപ്പ് പിൻവലിക്കാനാവില്ലെന്ന് മന്ത്രി വിശദീകരിച്ചു. പൊതുജന താൽപര്യം സംരക്ഷിക്കാൻ റിസർവ് ബാങ്കിന് ബാധ്യതയുണ്ട്. തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ് ഉന്നയിച്ച ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. റിസർവ് ബാങ്കിെൻറ നിലപാടിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്. റിസർവ് ബാങ്ക് തീരുമാനം പ്രാഥമിക സംഘങ്ങളെ വരിഞ്ഞുമുറുക്കാനാണെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാറിനുള്ളത്.
ബാങ്കിങ് നിയന്ത്രണ നിയമത്തിനു കീഴിൽ വരാത്ത ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് നിക്ഷേപ ഇൻഷുറൻസ്-വായ്പ ഗാരൻറി കോർപറേഷെൻറ സംരക്ഷണമില്ല. അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് കോർപറേഷൻ മുഖേന സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. നേരത്തെ ഒരു ലക്ഷമായിരുന്നത് അഞ്ചു ലക്ഷമായി കഴിഞ്ഞ ബജറ്റിലാണ് വർധിപ്പിച്ചത്.
കഴിഞ്ഞ നവംബർ 22നാണ് സഹകരണ സംഘങ്ങൾ 'ബാങ്ക്' എന്ന് ഉപയോഗിക്കുന്നതിനെതിരെ റിസർവ് ബാങ്ക് വാർത്തക്കുറിപ്പ് ഇറക്കിയത്.
റിസർവ് ബാങ്കിെൻറ ലൈസൻസ് ഇല്ലാതെ ബാങ്കിങ് പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ സംസ്ഥാനങ്ങൾക്ക് എഴുതുകയും ചെയ്തു. കേരളത്തിൽ 1625ൽപരം പ്രാഥമിക സഹകരണ സംഘങ്ങളും ആയിരക്കണക്കിന് സഹകരണ ബാങ്കുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.