മംഗളൂരു: കർണാടകയിൽ ആഞ്ഞു വീശിയ കോൺഗ്രസ് തരംഗം തീര ജില്ലകളായ ദക്ഷിണ കന്നടയിലും ഉടുപ്പിയിലും ഏശിയില്ല. ദക്ഷിണ കന്നഡയിലെ എട്ട് മണ്ഡലങ്ങളിൽ മംഗളൂരു നിലനിർത്താനും ബി.ജെ.പി റെബൽ സാന്നിധ്യം കാരണം പുത്തൂർ പിടിച്ചെടുക്കാനും കോൺഗ്രസിനായി. തീര ജില്ലകളിൽ 2018ൽ ആഞ്ഞു വീശിയ കാവി സൂനാമിയിൽ പിടിച്ചു നിന്ന മംഗളൂരു മണ്ഡലം ഈ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എ കോൺഗ്രസിലെ യു.ടി. ഖാദറിന് കൂടുതൽ തിളക്കമാർന്ന വിജയം നൽകി. കാസർകോട് ഉപ്പള സ്വദേശിയായിരുന്ന യു.ടി. ഫരീദും 2007ൽ അദ്ദേഹത്തിന്റെ മരണശേഷം തുടർച്ചയായി മകൻ യു.ടി. ഖാദറും ജയിച്ചു കയറുന്ന മണ്ഡലമാണിത്. യു.ടി. ഖാദർ(കോൺ)-83,219, സതീഷ് കുമ്പള-(ബി.ജെ.പി)-60,429, റിയാസ് ഫറങ്കിപ്പേട്ട (എസ്.ഡി.പി.ഐ)-13,837. ശക്തമായ ത്രികോണ മത്സരം നടന്ന പുത്തൂർ മണ്ഡലത്തിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തായി.
യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ജയിലിൽ കഴിയുന്ന ശരീഫ് ബെള്ളാരെ ഈ മണ്ഡലത്തിൽ മത്സരിച്ചു. അശോക് കുമാർ റായ് (കോൺഗ്രസ്)-64,687, അരുൺ പുട്ടില (ബി.ജെ.പി റെബൽ)-61,336, ആശ തിമ്മപ്പ ഗൗഡ (ബി.ജെ.പി)-36,526, ശരീഫ് ബെള്ളാരെ (എസ്.ഡി.പി.ഐ)-2788. മംഗളൂരു സിറ്റി നോർത്ത് മണ്ഡലത്തിൽ കെ.പി.സി.സി സെക്രട്ടറി ഇനായത്ത് അലിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ജെ.ഡി.എസ് ടിക്കറ്റിൽ മത്സരിച്ച മുൻ എം.എൽ.എ ബി.എ. മുഹ്യിദ്ദീൻ ബാവക്ക് ലഭിച്ചത് 5256 വോട്ടുകൾ.
ഈ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ ഡോ. ഭരത് ഷെട്ടി വിജയിച്ചു. സുള്ള്യയിൽ ബി.ജെ.പിയുടെ ഭഗിരഥി മുരുള്യ കന്നിയങ്കത്തിൽ വിജയം നേടി. ഉഡുപ്പി മണ്ഡലത്തിൽ യശ്പാൽ സുവർണ കന്നിയങ്കത്തിൽ ജയിച്ചു കയറി. ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് മത്സരിച്ച കാർക്കളയിൽ ബജ്റംഗ്ദൾ സംസ്ഥാന കൺവീനറും മന്ത്രിയുമായ വി. സുനിൽ കുമാർ വിജയം വരിച്ചു. വി. സുനിൽ കുമാർ (ബി.ജെ.പി)-77,028, മുനിയാലു ഉദയ് കുമാർ ഷെട്ടി (കോൺഗ്രസ്)-72,426, പ്രമോദ് മുത്തലിഖ് (ബി.ജെ.പി)-4508.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.