കോയമ്പത്തൂർ: ഉദ്യോഗാർഥിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കോയമ്പത്തൂർ ഭാരതിയാർ വാഴ്സിറ്റി വി.സി പ്രഫ. എ. ഗണപതിയും രസതന്ത്രം വിഭാഗം മേധാവി ധർമരാജും വിജിലൻസ് പിടിയിൽ. അസി. പ്രഫസർ നിയമനത്തിന് സുരേഷ് എന്ന ഉദ്യോഗാർഥിയോട് വി.സി 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പരാതിയിലാണ് അറസ്റ്റ്.
ശനിയാഴ്ച രാവിലെ ഒരു ലക്ഷം രൂപയും 29 ലക്ഷം രൂപയുടെ ചെക്കും കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. ഗണപതിയുടെ ഭാര്യ സ്വർണലതയും (55) അറസ്റ്റിലായി. രേഖകൾ നശിപ്പിക്കാൻ ശ്രമിച്ചതിെൻറ പേരിലാണ് നടപടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരുടെയും ഒാഫിസിലും വീട്ടിലും റെയ്ഡ് നടത്തി.
ഗവർണറുടെ അനുമതിയോടെയാണ് പൊലീസ് നടപടി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രഫസർ, അസി. പ്രഫസർ തസ്തികകളിൽ 65ഒാളം പേരെ നിയമിച്ചതായാണ് വിജിലൻസ് പറയുന്നത്. ഇവരിൽനിന്ന് 30 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയാണ് ഗണപതി നിയമനം നടത്തിയത്. ധർമരാജനാണ് ഇടനിലക്കാരനായത്.
2016 മാർച്ചിലാണ് ഗണപതി വൈസ് ചാൻസലറായി ചുമതലയേറ്റത്. കുറേക്കാലമായി ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരുന്നത്. യു.ജി.സിയുടെയും കോടതിയുടെയും ഉത്തരവ് മറികടന്ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലും ഗൾഫിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് വിദൂര പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയത് വിവാദമായിരുന്നു. കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങുന്നതിലും കെട്ടിടനിർമാണ ടെൻഡറിലും ക്രമക്കേടും അഴിമതികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.