ന്യൂഡൽഹി: പാർലമെന്റ് സമുച്ഛയത്തിനോട് ചേർന്ന് 467 കോടി രൂപയാണ് ചെലവിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നിർമാണം ത്വരിതഗതിയിലാക്കാൻ കേന്ദ്ര സർക്കാർ. ന്യൂഡൽഹി സൗത്ത് ബ്ലോക്കിന് സമീപം ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളിൽ സെൻട്രൽ വിസ്ത വികസന പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വസതിയും ഒരുങ്ങുന്നത്.
2,26,203 ചതുരശ്ര അടി വിസ്തീർണമുള്ള മൊത്തം കെട്ടിട സമുച്ചയത്തിൽ വസതിക്ക് മാത്രം 36,328 ചതുരശ്ര അടി വിസ്തൃതി ഉണ്ടായിരിക്കും. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെയും പാർലമെന്റിനെയും ഉപരാഷ്ട്രപതിയുടെ വസതിയെയും ബന്ധിപ്പിക്കുന്ന വി.ഐ.പി തുരങ്ക പാതയും നിർമിക്കും. സൗത്ത് ബ്ലോക്കിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് പുറമെ പ്രധാനമന്ത്രിയുടെ ഹോം ഓഫിസ്, ഇൻഡോർ സ്പോർട്സ് കോംപ്ലക്സ്, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) ഓഫിസ്, സേവാ സദൻ എന്നിവയും ഉണ്ടാകും.
പ്രധാനമന്ത്രിയും പരിവാരങ്ങളും യാത്ര ചെയ്യുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത് നഗരത്തിൽ രൂക്ഷമായ ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാനാണ് പ്രധനമന്ത്രിക്ക് വേണ്ടി മാത്രം പ്രത്യേക വി.ഐ.പി തുരങ്കം നിർമിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. നിർമാണം 2024 സെപ്റ്റംബറിനകം പൂർത്തിയാക്കണമെന്നാണ് സെൻട്രൽ വിസ്ത നവീകരണന പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നിശ്ചയിച്ച സമയപരിധി.
ധനമന്ത്രാലയത്തിന്റെ എക്‌സ്‌പെൻഡിച്ചർ ആൻഡ് ഫിനാൻസ് കമ്മിറ്റിയുടെ (ഇഎഫ്‌സി) അംഗീകാരത്തിനായി പദ്ധതി സമർപ്പികകുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് 'ദിപ്രിന്റ്' റിപ്പോർട്ട് ചെയ്തു. കേന്ദ്ര ഭവന മന്ത്രാലയത്തിന്റെ ബജറ്റ് ഗ്രാന്റിൽ നിന്നാണ് സമുച്ചയം നിർമിക്കുന്നതിനുള്ള ചെലവ് കണ്ടെത്തുക. 2022-23 ബജറ്റിൽ 70 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. പാരിസ്ഥിതിക അനുമതി ഇതിനകം ഭവന മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. മറ്റ് അനുമതികൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോംപ്ലക്‌സിന്റെ ടെൻഡർ ഡിസംബറോടെ പൂർത്തിയാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ പ്രധാനമന്ത്രി താമസിക്കുന്ന നമ്പർ ഏഴ്, ലോക് കല്യാൺ മാർഗ് വസതിയിൽനിന്ന് പുതിയ വസതിയിലേക്ക് ഏകദേശം 3 കിലോമീറ്റർ ദൂരമുണ്ട്. പി.എം. ഓഫിസ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവയുമായി പ്രധാനമന്ത്രിയുടെ താമസം അടുപ്പിക്കുക മാത്രമല്ല, ഉയർന്ന സുരക്ഷ ഒരുക്കുക എന്നതും പുതിയ പദ്ധതിയുടെ ലക്ഷ്യമാണെന്ന് സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.