ഗുവാഹട്ടി: ബ്രഹ്മപുത്രയിൽ ചൈന നിർമിക്കുന്ന ഗ്രേറ്റ് ബെൻഡ് ഡാമിൽ ആശങ്ക അറിയിച്ച് ആഗോള വിദഗ്ദർ. ഗുവാഹട്ടിയിൽ ഉപ ഹിമാലയൻ പ്രദേശങ്ങളിലെ ജല സുരക്ഷ, പാരിസ്ഥിതിക സംഗ്രത, ദുരന്ത പ്രതിരോധം എന്നിവ ഉറപ്പു വരുത്തുന്നതിനു വേണ്ടി നോർത്ത് ഈസ്റ്റ് കോൺഫ്ലുവൻസ് ഏഷ്യൻ തിങ്ക് ടാങ്ക് നടത്തിയ സെമിനാറിലാണ് ചൈനയുടെ 60000 മെഗാവാട്ട് വൈദ്യുത പ്രോജക്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച നടന്നത്.
കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന കാലത്ത് ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന നിർമിക്കാനൊരുങ്ങുന്ന ഡാം എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചർച്ച ചെയ്യാനാണ് സെമിനാർ സംഘടിപ്പിച്ചത്. ഗവൺമെന്റ് ഏജൻസികൾ, പൗരസംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരാണ് സെമിനാറിൽ പങ്കെടുത്തത്.
2024 ഡിസംബർ 25നാണ് ബ്രഹ്മപുത്രയിൽ ഡാം പണിയാനുള്ള പ്രഖ്യാപനം ചൈന നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ ഗോർജസിന്റെ മൂന്ന് മടങ്ങ് വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്നാതണ് ലക്ഷ്യം.
ഡാം നിർമാണം ഹിമാലയൻ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. മാത്രമല്ല ടിബറ്റിൽ നിന്നുള്ള വെള്ളത്തിൻറെ ഒഴുക്ക് തടസ്സപ്പെടുത്തുകയും അത് വെള്ളപ്പൊക്കത്തിനോ, അതി രൂക്ഷമായ വരൾച്ചക്കോ കാരണമാകുമെന്നാണ് കണ്ടെത്തൽ. ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് ഡാമിൻറെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഡാം നിർമാണത്തിൻറെ ഭാഗമായി വലിയ തോതിൽ മണ്ണിടിക്കുന്നത് ഗുരുതരമായ മണ്ണിടിച്ചിലിനും ഭൂചലനത്തിനും കാരണമായേക്കുമെന്ന് മുമ്പ് ചൈനീസ് ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.