ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് നടപ്പാക്കുന്നതിൽ ആശയക്കുഴപ്പം. പുതിയ ക്രിമിനൽ നിയമങ്ങൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനു പിന്നാലെയാണ് ഇത് നടപ്പാക്കുന്നതിൽ പൊലീസിനും കോടതികൾക്ക് ആശയക്കുഴപ്പമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ക്രിമിനൽ നിയമങ്ങൾ പരിഷ്‍കരിച്ചാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.
പൊലീസിന് ആവശ്യമായ പരിശീലനവും നിയമം നടപ്പാക്കാൻ സാധനസാമഗ്രഹികളും അത്യാവശ്യമാണ്. ഇവയുടെ അഭാവത്തിൽ പുതിയ ക്രിമിനൽ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കില്ലെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്.
പുതിയ നിയമങ്ങൾ വന്നിട്ടും ഡൽഹിയിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് പഴയ ക്രിമിനൽ നിയമ പ്രകാരമാണ്. പുതിയ നിയമ പരിഷ്കരണം വന്നിട്ടും എന്തുകൊണ്ട് അത് നടപ്പിലാക്കുന്നില്ല എന്ന മജിസ്‌ട്രേറ്റുമാരുടെ ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. അതേസമയം കേന്ദ്ര ഭരണപ്രദേശങ്ങളിൽ പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിന്റെ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്.രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭാരതീയ ന്യായ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ നിയമമായിരുന്നു.
പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ബില്ലുകൾ പാസാക്കിയത്. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി.) പകരം ഭാരതീയ ന്യായ സംഹിത, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് പകരം (സി.ആര്.പി.സി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് നേരത്തെ പാസാക്കിയിരുന്നത്. ആഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച് ഭേദഗതി വരുത്തിയശേഷമാണ് വീണ്ടും അവതരിപ്പിച്ചത്.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാകുന്നതാണ് പുതിയ നിയമങ്ങള്‍. അന്വേഷണവും കുറ്റപത്രസമര്‍പ്പണവുമടക്കമുള്ള നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പരിഷ്കരണമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.