കോൺഗ്രസ് എന്നെ 91 തവണ അധിക്ഷേപിച്ചു -മോദി

ബിദർ (കർണാടക): കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തവണ കോൺഗ്രസ് തന്നെ അധിക്ഷേപിക്കുമ്പോഴും ആ പാർട്ടി തകർന്നുപോവുകയാണെന്നും മോദി പറഞ്ഞു. ബിദറിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയായിരുന്നു മോദിയുടെ പരാമർശം.

തന്നെ മാത്രമല്ല, ബാബ സാഹെബ് അംബേദ്കറെയും വീർ സവർക്കറെയുമൊക്കെ കോൺഗ്രസ് കുറ്റം പറയുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി പാവങ്ങൾക്കുവേണ്ടി പണിയെടുക്കുമ്പോൾ കോൺഗ്രസ് എന്നെ കുറ്റം പറഞ്ഞ് സമയം കളയുകയാണ്. അവർ വീണ്ടും എന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നെ അവർ കളിയാക്കി വിളിക്കുന്ന പേരുകളടങ്ങിയ ലിസ്റ്റ് തന്നെ ചിലർ ഉണ്ടാക്കിയിരുന്നു. അവർ എന്നെ കുറ്റംപറഞ്ഞിരുന്നോട്ടെ, ഞാൻ കർണാടകയിലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതിൽ ശ്രദ്ധാലുവായി മുമ്പോട്ടു​പോകും.

ബിദറിന്റെ അനുഗ്രഹം എനിക്ക് നേരത്തേയും ലഭിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല. രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമായി കർണാടകയെ മാറ്റാനുള്ളതുകൂടിയാണ്. എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ മാത്രമേ ഒരു സംസ്ഥാനത്തിന് വളർച്ചയുണ്ടാകൂ. വികസനത്തിന് ഡബ്ൾ എഞ്ചിൻ സർക്കാർ വളരെ പ്രധാനമാണെന്നും മോദി പറഞ്ഞു.

കോൺഗ്രസ് ഒരിക്കലും പാവങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസ്സിലാക്കിയിട്ടില്ല. ബി.ജെ.പി ഇവിടുത്തെ വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്കു​ നൽകി. കോൺഗ്രസ് പ്രീണന രാഷ്രീയമാണ് അനുവർത്തിക്കുന്നത്. കോൺഗ്രസ് സർക്കാറിന് കീഴിൽ കർണാടക ഏറെ ബുദ്ധിമുട്ടിലായിരുന്നു. അവർക്ക് സീറ്റുകളെക്കുറിച്ച് മാത്രമാണ് കരുതലുണ്ടായിരുന്നത്. ഇവിടെയുള്ള ജനങ്ങളെക്കുറിച്ചല്ല’- മോദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.