ന്യൂഡൽഹി: ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം മൂന്നു വർഷത്തിനിടെ രാജ്യത്ത് കൊലവെറിയുടെ 50ലേറെ സംഭവങ്ങൾ നടന്നതായി കോൺഗ്രസ്. രാജ്യത്തെ പിടിച്ചുകുലുക്കിയ സമീപകാല ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി അടക്കമുള്ളവർ പ്രകടിപ്പിച്ച ഉത്കണ്ഠ കണക്കിലെടുത്ത് വായ്ത്താരിക്കുപകരം കർക്കശ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും തയാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
പശുഭക്തിയുടെ പേരിൽ കൊലവെറി കാട്ടുന്ന അക്രമിസംഘങ്ങളോടുള്ള ജനകീയ പ്രതിഷേധങ്ങൾ മുൻനിർത്തി തിരുത്തൽ നടപടികൾ ഉണ്ടാകണം. ബി.ജെ.പിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘ്പരിവാർ സംഘടനകളായ ബജ്റംഗ്ദളും വി.എച്ച്.പിയുമൊക്കെയാണ് ക്രൂരകൃത്യങ്ങൾ നടത്തുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രസ്താവനയിൽ പറഞ്ഞു. അവർക്കെതിരെ ഒരു നടപടിയുമില്ല. ജനത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിൽ അക്രമിസംഘങ്ങളെ തള്ളിപ്പറയുന്ന മോദി നിയമവാഴ്ച ഉറപ്പാക്കാനും അവർക്കെതിരെ നടപടിയെടുക്കാനും തയാറാകുന്നില്ലെന്ന് സുർജേവാല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.