ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്ന് ബി.ജെ.പിയെ നേരിടുന്നതിൽ വ്യക്തമായ മുന്നേറ്റം നടത്തി ഇൻഡ്യ സഖ്യം. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ പ്രധാന സംസ്ഥാനങ്ങളിൽ സമാജ്വാദി പാർട്ടിയും കോൺഗ്രസുമായി സീറ്റുധാരണയായി. യു.പിയിലെ 80ൽ 17 സീറ്റ് കോൺഗ്രസിന്. മധ്യപ്രദേശിൽ ഒരു സീറ്റിൽ മാത്രം മത്സരിച്ച് ബാക്കി 28 സീറ്റിലും കോൺഗ്രസിനെ സമാജ്വാദി പാർട്ടി പിന്തുണക്കും.
സോണിയ ഗാന്ധി മത്സരിച്ചുവന്ന റായ്ബറേലി, രാഹുൽ ഗാന്ധി കഴിഞ്ഞ തവണയും മത്സരിച്ച അമേത്തി എന്നീ താരമണ്ഡലങ്ങൾക്കു പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിലും പ്രധാന പ്രതിപക്ഷ സ്ഥാനാർഥി കോൺഗ്രസിന്റേതായിരിക്കും. കോൺഗ്രസ് ഒരു സീറ്റിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവർ തമ്മിൽ നടന്ന ചർച്ചകളിൽ വ്യക്തമായ തീരുമാനം ഉണ്ടായതോടെ, രണ്ടു പാർട്ടികളുടെയും സംസ്ഥാന നേതാക്കൾ ലഖ്നോവിൽ സംയുക്ത വാർത്തസമ്മേളനം വിളിച്ച് സഖ്യം പ്രഖ്യാപിക്കുകയായിരുന്നു. എസ്.പി-കോൺഗ്രസ് സഖ്യം രാജ്യത്തിനുള്ള സന്ദേശമാണെന്ന് സമാജ്വാദി പാർട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം പട്ടേൽ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ് എന്നിവർ പറഞ്ഞു. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതിൽ കഴിഞ്ഞ രണ്ടു തവണയും പ്രധാന പങ്കുവഹിച്ച യു.പിയിൽ ഇക്കുറി അവർക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്-സമാജ്വാദി പാർട്ടി സഖ്യം യാഥാർഥ്യമായതോടെ ലോക്സഭ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ സജീവമായി. പ്രമുഖ ഇൻഡ്യ മുന്നണി കക്ഷികൾക്കിടയിലെ ആദ്യ സീറ്റുപങ്കിടൽ പ്രഖ്യാപനമാണ് യു.പിയിലേത്. സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടുത്ത ദിവസം അണിചേരും.
റായ്ബറേലി, വാരാണസി, അമേത്തി, മഥുര, ഗാസിയാബാദ്, ഝാൻസി, കാൻപുർ നഗർ, ഫത്തേപുർ സിക്രി, ബസ്ഗാവ്, സഹരൺപുർ, പ്രയാഗ്രാജ്, മഹാരാജ്ഗഞ്ച്, അംറോഹ, ബുലന്ദ് ശഹർ, സീതാപുർ, ബാരാബങ്കി, ദേവ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.