ന്യൂഡൽഹി: പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഈമാസം 16ന് പ്രവർത്തക സമിതി വിളിച്ചു. പാർട്ടിയുടെ ഇന്നത്തെ സ്ഥിതിയിൽ ഉത്കണ്ഠ പ്രകടിപ്പിച്ച്, ഏറ്റവും പെട്ടെന്ന് പ്രവർത്തക സമിതി വിളിക്കണമെന്ന് ജി 23 നേതാക്കളായ ഗുലാംനബി ആസാദ്, കപിൽ സിബൽ എന്നിവർ ആവശ്യപ്പെട്ടിരുന്നു.
അനാരോഗ്യം മൂലം സോണിയ ഗാന്ധിയും വിമുഖത മൂലം രാഹുൽ ഗാന്ധിയും നേതൃത്വത്തിൽ പൂർണ സജീവമല്ലാത്ത പശ്ചാത്തലത്തിലാണ് നേതൃമാറ്റ ചർച്ച സജീവമാകുന്നത്.
യു.പി തെരഞ്ഞെടുപ്പിലേക്ക് ഇനി അഞ്ചു മാസം മാത്രം. പഞ്ചാബിൽ അതിനുമുേമ്പ തെരഞ്ഞെടുപ്പ് നടക്കും. ഗുജറാത്തിൽ അടുത്ത വർഷമാവസാനമാണ് തെരഞ്ഞെടുപ്പ്. ഇതിലേക്കുള്ള ഒരുക്കങ്ങളും പ്രവർത്തക സമിതി ചർച്ച ചെയ്യും. ലഖിംപുരിൽ കർഷകരെ വണ്ടി കയറ്റിക്കൊന്ന സംഭവത്തിൽ പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സജീവമായി ഇടപെടാൻ കഴിഞ്ഞത് കോൺഗ്രസിന് നേട്ടമായെങ്കിലും ഇത് പ്രയോജനപ്പെടുത്താൻ തക്ക സംഘടനാ സംവിധാനം യു.പിയിൽ പാർട്ടിക്ക് ഇല്ലാത്ത സ്ഥിതിയാണ്. അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുകയും നവജോത് സിങ് സിദ്ദു പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്ത സങ്കീർണ സാഹചര്യത്തിൽ പഞ്ചാബിലെ അടുത്ത നടപടിയും േനതൃത്വത്തിന് തലവേദനയാണ്.
കെ.പി.സി.സി അന്തിമ പട്ടികക്കായി കൂടുതൽ ചർച്ച
ന്യൂഡൽഹി: കെ.പി.സി.സി ഭാരവാഹിപ്പട്ടികക്ക് ഞായറാഴ്ച അന്തിമരൂപമാകും. ഡൽഹിയിൽ എത്തിയ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തി. തിങ്കളാഴ്ച നിയമസഭ സമ്മേളനമുള്ളതിനാൽ ഞായറാഴ്ച ചർച്ച പൂർത്തിയാക്കി പ്രതിപക്ഷ നേതാവ് വൈകുന്നേരത്തോടെ മടങ്ങും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ആശയവിനിയമം നടത്തിയശേഷം മാത്രം ഇത്തവണ അന്തിമ പട്ടിക ഹൈകമാൻഡിന് കൈമാറാനാണ് പൊതുധാരണ. കഴിഞ്ഞ നിയമനങ്ങളിൽ അവഗണിക്കപ്പെട്ട വനിത, സമുദായ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ഹൈകമാൻഡ് നേരത്തെതന്നെ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.