രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരാഴ്ചമാത്രം ശേഷിക്കേ, പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി. ഭരണകക്ഷിയായ കോൺഗ്രസ് പ്രധാനമായും ഏഴിന ഗാരന്റി മുന്നോട്ടുവെച്ചപ്പോൾ ‘മോദി ഗാരന്റി’ എന്ന വിശേഷണത്തോടെ ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയിലും പ്രധാന ഊന്നൽ വനിത വോട്ടുതന്നെ.
ദുർബല ജനവിഭാഗങ്ങൾക്കിടയിൽ ജനിക്കുന്ന ഓരോ പെൺകുഞ്ഞിനും രണ്ടു ലക്ഷം രൂപയുടെ നിക്ഷേപ ബോണ്ട് നൽകുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനങ്ങളിലൊന്ന്. പെൺകുഞ്ഞ് വളരുന്നതിനൊത്ത് വിദ്യാഭ്യാസത്തിനും മറ്റുമായി ഈ തുക പല ഘട്ടങ്ങളിലായി നൽകും. 21 വയസ്സ് പൂർത്തിയാകുന്ന മുറക്കുമാത്രമാണ് പകുതി സംഖ്യയായ ലക്ഷം രൂപ ബോണ്ടിലേക്ക് സർക്കാർ നൽകുക. ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് പാചക വാതക സിലിണ്ടർ 450 രൂപക്ക് നൽകുമെന്ന വാഗ്ദാനവും ബി.ജെ.പി മുന്നോട്ടുവെച്ചു.
മുൻമുഖ്യമന്ത്രി വസുന്ധര രാജെ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന വ്യക്തമായ സന്ദേശം നൽകുന്നതു കൂടിയായിരുന്നു പ്രകടന പത്രിക പുറത്തിറക്കൽ ചടങ്ങ്. വസുന്ധരയുടെ സാന്നിധ്യം ചടങ്ങിൽ ഉറപ്പുവരുത്തിയതു തന്നെ അവസാന മണിക്കൂറിലാണ്. പത്രിക പ്രകാശന ചടങ്ങ് സംബന്ധിച്ച് മാധ്യമങ്ങൾക്ക് നൽകിയ ആദ്യ ക്ഷണക്കത്തിൽ വസുന്ധരയുടെ പേര് ഉണ്ടായിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം അതു പിൻവലിച്ച് വസുന്ധരയുടെ പേരു കൂടി ഉൾപ്പെടുത്തി പ്രകാശന വിവരം പുതുക്കി.
രണ്ടു വട്ടം സംസ്ഥാനം ഭരിച്ച മുൻമുഖ്യമന്ത്രിയെന്ന പരിഗണന അപ്പോഴും വസുന്ധരക്ക് കിട്ടിയില്ല. ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ മുഖ്യമന്ത്രിസ്ഥാനത്തിന് മത്സരിക്കുന്ന കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, ഗജേന്ദ്രസിങ് ശെഖാവത് എന്നിവർക്ക് ശേഷമാണ് വസുന്ധരക്ക് പരിഗണന കിട്ടിയത്. പ്രകടന പത്രികയിലെ ചില ഇനങ്ങളോടുള്ള ഭിന്നാഭിപ്രായം പ്രകാശന ചടങ്ങിൽതന്നെ മന്ത്രി ഗജേന്ദ്ര സിങ്ങുമായി വസുന്ധര പങ്കുവെക്കുന്നത് കാണാമായിരുന്നു.
ബി.ജെ.പി ഭരണം പിടിക്കുമെന്നും, എന്നാൽ എത്ര സീറ്റ് കിട്ടുമെന്നു പറയാനാവില്ലെന്നും പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് പറഞ്ഞൊഴിഞ്ഞ വസുന്ധര രാജെ, മറ്റു നേതാക്കളുമായി കൂടുതൽ സംഭാഷണങ്ങൾക്ക് നിൽക്കാതെ ചടങ്ങിനു തൊട്ടുപിന്നാലെ സ്ഥലം വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നയിക്കുകയും, മോദി ഗാരന്റിയായി പ്രകടനപത്രിക അവതരിപ്പിക്കുകയും ചെയ്യുന്നതിനിടയിൽ ബി.ജെ.പിയുടെ പോസ്റ്റർ-ബാനറുകളിൽ വസുന്ധരക്ക് ജൂനിയർ നേതാക്കൾക്കിടയിൽമാത്രമാണ് സ്ഥാനം. വസുന്ധരയുടെയും മറ്റു പ്രമുഖ നേതാക്കളുടെയും പ്രചാരണ പരിപാടികൾ ഏകോപനമില്ലാത്തവിധം വെവ്വേറെയാണ് മുന്നോട്ടു നീങ്ങുന്നത്.
ബി.ജെ.പി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
അഞ്ചു വർഷം കൊണ്ട് രണ്ടര ലക്ഷം സർക്കാർ ജോലി. പി.എം കിസാൻ പദ്ധതിയിൽ കർഷക ധനസഹായം വർധിപ്പിക്കും. കോൺഗ്രസ് സർക്കാറിന്റെ കാലത്തെ പി.എസ്.സി ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക സംഘം. ഓരോ ജില്ലക്കും വനിത പൊലീസ് സ്റ്റേഷൻ. ഓരോ പൊലീസ് സ്റ്റേഷനിലും മഹിള ഡസ്ക്. ഓരോ നഗരങ്ങളിലും പൂവാല ശല്യം തടയാൻ ആന്റി-റോമിയോ സ്ക്വാഡ്. ആറു ലക്ഷം ഗ്രാമീണ വനിതകൾക്ക് നൈപുണ്യ പരിശീലനം. കെ.ജി മുതൽ പി.ജി വരെ പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രതിവർഷം 12,000 രൂപ വരെ പഠനസഹായം. മുടങ്ങാത്ത വൈദ്യുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.