നൂഹ് കലാപം: കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ

നൂഹ് കലാപം: കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ

ഛണ്ഡിഗഢ്: നൂഹ് കലാപവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ. മാമൻ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്. എം.എൽ.എക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഫെറോസപൂർ ജിക്ര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് മാമൻ ഖാൻ.

അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു. കേസ്  19നാണ് കോടതി പരിഗണിക്കുന്നത്. തെളിവുകൾ കൃത്യമായി പരിശോധിച്ചാണ് എം.എൽ.എക്കെതിരെ കേസെടുത്തതെന്ന് ഹരിയാന പൊലീസ് അറിയിച്ചു. ഫോൺകോൾ തെളിവുകൾ ഉൾപ്പടെ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാനായി എം.എൽ.എയെ ഹരിയാന പൊലീസ് വിളിപ്പിച്ചിരുന്നു. എന്നാൽ, അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. വൈറൽ പനിയായതിനാലാണ് എം.എൽ.എ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നാണ് വിവരം. അതേസമയം, വ്യാഴാഴ്ചയാണ് എം.എൽ.എയെ പ്രതിയാക്കിയ വിവരം അറിഞ്ഞതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

കലാപം സംബന്ധിച്ച് അന്വേഷണം നടത്താനായി പ്രത്യേക അന്വേഷണസംഘം രുപീകരിക്കണമെന്നും എം.എൽ.എ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാവണം അന്വേഷണസംഘത്തിന്റെ തലവനെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Tags:    
News Summary - Congress MLA Arrested Over Violence In Haryana's Nuh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.