ന്യൂഡല്‍ഹി: ഇന്ത്യൻ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ സമയം ജോലിചെയ്യണമെന്ന ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ അഭിപ്രായത്തിൽ എതിർപ്പുമായി കോൺഗ്രസ് എം.പി കാർത്തി പി. ചിദംബരം. കൂടുതൽ നേരം ജോലി ചെയ്യുന്നതിലല്ല, കാര്യക്ഷമമായി ജോലി ചെയ്യുന്നതിലാണ് കാര്യമെന്നും കാർത്തി ചിദംബരം ഓർമപ്പെടുത്തി. ഇന്ത്യയുടെ വർക്ക് വീക്ക് ആറ് ദിവസത്തിൽ നിന്ന് അഞ്ചുദിവസമായി കുറച്ചതിൽ അസ്വസ്ഥനാണെന്ന് നാരായണ മൂർത്തി അഭിപ്രായപ്പെട്ടിരുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളോടും കാര്യക്ഷമമല്ലാത്ത സംവിധാനങ്ങളോടുമുള്ള പോരാട്ടമാണ് ദൈനംദിന ജീവിതം. സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിന് ഏറ്റവും അനിവാര്യം തൊഴിലും-ജീവിതം ബാലന്‍സ് ചെയ്യുകയാണ്. തന്റെ അഭിപ്രായത്തില്‍ ഇന്ത്യ ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിവസം എന്ന നിലയിലേക്ക് മാറുകയാണ് വേണ്ടതെന്നും കാർത്തി ചിദംബരം നിർദേശിച്ചു. വര്‍ക്ക് വീക്ക് എന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാനിക്കുന്ന നിലയിലേക്ക് മാറണമെന്നും കാർത്തി എക്സിൽ കുറിച്ചു.നാരായണ മൂര്‍ത്തിക്ക് മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഗൗരവ് ഗഗോയിയും മറുപടി നൽകിയിരുന്നു.
ഇന്ത്യയുടെ വികസനത്തിന് വിശ്രമമല്ല, ത്യാഗമാണ് വേണ്ടതെന്നും ഒരാഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നുമായിരുന്നു നാരായണ മൂര്‍ത്തിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പ്രയത്‌നം കൊണ്ട് നമുക്ക് ചുറ്റിലുമുണ്ടാകുന്ന മാറ്റങ്ങളെ അഭിനന്ദിക്കേണ്ടത് അദ്ദേഹത്തെ പോലെ ജോലിചെയ്തിട്ടാണെന്നും മൂര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു.
തന്റെ കരിയറില്‍ ഭൂരിഭാഗവും ആറര ദിവസമായിരുന്നു തന്റെ വര്‍ക്ക് വീക്ക്. ഒരു ദിവസം 14 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. രാവിലെ ആറരയോടെ ഓഫിസിലെത്തിയിരുന്ന താന്‍ വൈകുന്നേരം എട്ടരയോടെയായിരുന്നു തിരിച്ച് പോയിരുന്നത്. അതില്‍ താൻ അഭിമാനിക്കുന്നുവെന്നും നാരായണ മൂർത്തി പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.