ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ വഴി മോദിസർക്കാർ സാമുദായിക വിഭജനം നടത്തുന്ന പശ്ചാത്തലത്തിൽ ഭരണഘടനമൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിസമാധിയായ രാജ്ഘട്ടിൽ കോൺഗ്രസ് സത്യഗ്രഹം. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന നേതാക്കളായ എ.കെ. ആൻറണി, ഗുലാംനബി ആസാദ്, അഹ്മദ് പട്ടേൽ, ആനന്ദ് ശർമ, മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, കമൽനാഥ്, സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ് സായാഹ്ന സത്യഗ്രഹം നടത്തിയത്.
വലിയ ദേശീയ പതാകക്കു ചുവട്ടിലാണ് മുതിർന്ന നേതാക്കൾ അണിനിരന്നത്. രാജ്യത്തിെൻറ ബഹുസ്വരത ഉയർത്തിക്കാട്ടി വിവിധ ഭാഷകളിൽ ഭരണഘടനയുെട ഭാഗങ്ങൾ അവർ വായിച്ചു. ഒരു മിനിറ്റ് മൗനാചരണവും നടന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും തുല്യതക്കും വേണ്ടി രാജ്യമാകെ സമരമുഖത്തുള്ള വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ് സത്യഗ്രഹ പരിപാടിയെന്ന് മുതിർന്ന നേതാക്കൾ വിശദീകരിച്ചു.
പ്രക്ഷോഭകരെ പൊലീസ് അതിക്രമം വഴി ഒതുക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. യു.പിയിൽ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കണ്ട തെൻറ അനുഭവം വിവരിച്ചാണ് പ്രിയങ്ക ഗാന്ധി സംസാരിച്ചത്. രാജ്യത്തിനുവേണ്ടി തെൻറ മകൻ ജീവത്യാഗം ചെയ്തുവെന്ന് ബിജ്നോറിൽ ഒരമ്മ കണ്ണീർവാർത്ത് പറഞ്ഞുവെന്ന് പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധി കൊറിയയിൽനിന്ന് മടങ്ങിയെത്തിയ സാഹചര്യത്തിൽ ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സത്യഗ്രഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാംലീലാ മൈതാനിയിലെ പരിപാടി മുൻനിർത്തി അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പരിപാടി തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.