ന്യൂഡൽഹി: രാഹുൽ ഗാന്ധി എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമിയെ വിളിക്കുകയും പ്രതിക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ പിന്തുണക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന വാർത്തകളെ തള്ളി കോൺഗ്രസ്. അത്തരം ഫോൺവിളി ഉണ്ടായിട്ടില്ലെന്നും ഡി.എം.കെ-കോൺഗ്രസ് സഖ്യം ശക്തമാണെന്നും തകർക്കാനുള്ള ഇത്തരം പ്രചരണങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു. തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെയുടെ സംഖ്യകക്ഷിയാണ് കോൺഗ്രസ്.
രാഹുൽ ഗാന്ധി എ.ഐ.എ.ഡി.എം.കെ നേതാവിനെ വിളിക്കുകയും പ്രതിക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം വാർത്തകൾ പൂർണ്ണമായും വ്യാജമാണ്. ഡി.എം.കെ-കോൺഗ്രസ് സഖ്യം ദൃഢമാണെന്നും ആശയക്കുഴപ്പം സൃഷ്ടിക്കാനും സംഖ്യത്തെ ദുർബലമാക്കാനുമുള്ള ഇത്തരം പ്രചരണങ്ങളെ ചെറുക്കുമെന്നും ജയറാം രമേശ് പറഞ്ഞു.
അടൽ ബിഹാരി വാജ്പേയ് സർക്കാരിന്‍റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയെ ജൂൺ 21ന് ചേർന്ന പ്രതിപക്ഷപാർട്ടികളുടെ യോഗത്തിലാണ് രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനുമുന്നോടിയായി സിൻഹ തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനെ വിളിച്ച് ഭരണകക്ഷിയുടേയും സഖ്യകക്ഷികളുടേയും പിന്തുണ തേടിയിരുന്നു.
ജൂൺ 28 മുതൽ തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്ന് തന്റെ പ്രചാരണം ആരംഭിച്ച സിൻഹ തന്റെ ആദ്യ ഘട്ട പ്രചാരണ വേളയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും കർണാടകയിലുമെത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സിൻഹ കഴിഞ്ഞ ദിവസം തെലങ്കാനയിലെത്തിയിരുന്നു.
ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലൈ 21ന് വോട്ടെണ്ണലും നടക്കും. ജൂലൈ 24ന് നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ കാലാവധി അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.