ന്യൂഡൽഹി: കാർഷിക മേഖലയുമായി ബന്ധപ്പെട്ട ബജറ്റിലെ പ്രഖ്യാപനങ്ങളിൽ കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ്. മിനിമം താങ്ങുവിലക്ക് നിയമപരമായ ഗാരണ്ടിയും കാർഷിക കടം എഴുതിത്തള്ളലും ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങളിൽ ധനമന്ത്രി നിർമല സീതാരാമൻ പൂർണമായും മൗനം പാലിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ‘എക്സിലെ’ പോസ്റ്റിൽ ഉന്നയിച്ചു.
നികുതി, നഗരവികസനം, ഖനനം, സാമ്പത്തിക മേഖല, വൈദ്യുതി, നിയന്ത്രണ ചട്ടക്കൂട് എന്നീ ആറ് മേഖലകളിൽ 2025-26 ലെ കേന്ദ്ര ബജറ്റ് പരിഷ്‌കാരങ്ങൾ ആരംഭിക്കുമെന്ന് സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ വിളവ്, ആധുനിക വിളകളുടെ തീവ്രത, ശരാശരിക്ക് താഴെയുള്ള വായ്പാ മാനദണ്ഡങ്ങൾ എന്നിവയുള്ള 100 ജില്ലകളെ ഉൾക്കൊള്ളുന്ന പ്രധാനമന്ത്രി ‘ധൻ ധ്യാൻ കൃഷി യോജന’ അവർ പ്രഖ്യാപിച്ചുവെങ്കിലും കർകരുടെ ദീർഘ നാളത്തെ ആവശ്യമായ എം.എസ്.പി സംബന്ധിച്ച് ഒരു പ്രഖ്യാപനവുമുണ്ടായില്ല.
‘ധന മന്ത്രാലയം ആരംഭിക്കുന്നത് കൃഷിയിൽ നിന്നാണ്. എന്നാൽ, കർഷകരുടെ ആവശ്യങ്ങളോടും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശിപാർശകളോടും പൂർണമായും നിശബ്ദമാണ്. എം.എസ്.പി നിയമപരമായ ഗാരണ്ടി, കാർഷിക വായ്പ എഴുതിത്തള്ളൽ, പി.എം കിസാൻ പേഔട്ടുകളുടെ പണപ്പെരുപ്പ സൂചിക, പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചും അതെ.
ഇന്ത്യയിൽ വ്യാജമായി മാറിയ ‘മേക്ക് ഇൻ ഇന്ത്യക്ക്’ ഇപ്പോൾ പുതിയൊരു പേരുണ്ട്, ‘നാഷനൽ മാനുഫാക്ചറിംഗ് മിഷൻ’ എന്നാണെന്നും മറ്റൊരു പോസ്റ്റിൽ രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.