ന്യൂഡൽഹി: ജാതി സെൻസസിൽ കോൺഗ്രസിന് കൃത്യമായ നിലപാടുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പാർട്ടി ജാതി സെൻസസിനെ അനുകൂലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങളുടെ പാർട്ടിയുടെ നിലപാട് കൃത്യമാണ്. കോൺഗ്രസ് ജാതി സെൻസസിനെ അനുകൂലിക്കുന്നു. കോൺഗ്രസ് പ്രസിഡന്‍റും രാഹുൽ ഗാന്ധിയും ഇതിൽ നിലപാട് വ്യക്തമാക്കിയതാണ്"- കെ.സി വേണുഗോപാൽ പറഞ്ഞു.
ജനസംഖ്യക്ക് അനുസരിച്ച് അവകാശങ്ങൾ എന്ന വാദം രാജ്യത്തെ ഭൂരിപക്ഷവാദത്തിലേക്കാണ് നയിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ തന്‍റെ പ്രസ്താവനയിൽ വ്യക്തതവരുത്തിക്കൊണ്ട് ജനസംഖ്യാടിസ്ഥാനത്തിലുള്ള അവകാശങ്ങളെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാടിൽ നിന്ന് താൻ മാറിയിട്ടില്ലെന്ന് സിങ്വി പറഞ്ഞിരുന്നു.
ജാതി അടിസ്ഥാനത്തിലുള്ള സർവെയുടെ വിവരങ്ങൾ ബിഹാർ സർക്കാർ പുറത്തുവിട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയുമടക്കമുള്ള നേതാക്കൾ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ജാതി സെൻസസ് വളരെ പ്രാധാന്യമുള്ളതാണെന്നും രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം ജനസംഖ്യ അടിസ്ഥാനത്തിലെ അവകാശങ്ങൾ എന്ന വാദത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും രാജ്യത്തിലെ വിഭവങ്ങളിലെ ആദ്യ അവകാശം ദരിദ്രർക്കാണെന്നുമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.