മൂന്നിടത്തും ‘കൈ’ പിടിച്ച് കർണാടക; തണ്ടൊടിഞ്ഞ് താമര, കാറ്റെടുത്ത് കറ്റ

ബംഗളൂരു: കർണാടകയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും ജയം. ചന്നപട്ടണ, ഷിഗാവ് മണ്ഡലങ്ങൾ പിടിച്ചെടുത്ത കോൺഗ്രസ്, സന്ദൂർ നിലനിർത്തുകയും ചെയ്തു. ജെ.ഡി.എസിന്‍റെ കറ്റയേന്തിയ കർഷകസ്ത്രീ ചിഹ്നത്തിൽ മത്സരിച്ച കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി കോൺഗ്രസിന്‍റെ സി.പി യോഗേശ്വർ വിജയിച്ചു.

കേന്ദ്രമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമി എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ചന്നപട്ടണ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്. ബി.ജെ.പിയിൽ നിന്ന് എം.എൽ.സി സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ എത്തിയ യോഗേശ്വറിന്‍റെ വിജയം എൻ.ഡി.എക്ക് വൻ ആഘാതമായി. കർണാടക ഉറ്റുനോക്കിയ ചന്നപട്ടണയിലായിരുന്നു തിളച്ചു മറിഞ്ഞ പ്രചാരണം.

ഷിഗാവ് മണ്ഡലത്തിൽ കോൺഗ്രസിന്‍റെ യാസിർ അഹമ്മദ് ഖാൻ പത്താൻ അട്ടിമറി വിജയം നേടി. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ലോക്സഭ അംഗമായതിനെ തുടർന്ന് എം.എൽ.എ പദവി രാജിവെച്ച ഒഴിവിലാണ് ഷിഗാവിൽ തെരഞ്ഞെടുപ്പ് നടന്നത്. ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈ എൻ.ഡി.എ ടിക്കറ്റിൽ ദയനീയമായി പരാജയപ്പെട്ടു.

സന്ദൂർ മണ്ഡലം കോൺഗ്രസ് നിലനിറുത്തി. കോൺഗ്രസിന്‍റെ ഇ. തുക്കാറാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് സന്ദൂരിൽ തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥി അന്നപൂർണ ഇവിടെ വിജയിച്ചു. തുക്കാറാമിന്‍റെ ഭാര്യയാണിവർ. എൻ.ഡി.എ സ്ഥാനാർഥി ബംഗാര ഹനുമന്തയ്യയെയാണ് അന്നപൂർണ പരാജയപ്പെടുത്തിയത്.

Tags:    
News Summary - Congress won Channapatna, Sandur and Shiggaon constituency in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.