ന്യൂഡൽഹി: വിവിധ വിഭാഗങ്ങൾക്ക് സംവരണത്തിലൂടെ പ്രാതിനിധ്യം ഉറപ്പു നൽകുന്ന വിധം പ്രവർത്തകസമിതി വിപുലീകരിക്കുന്നതിന് പാർട്ടി ഭരണഘടന ഭേദഗതിചെയ്യാൻ കോൺഗ്രസ്. പട്ടികജാതി/വർഗ, ഒ.ബി.സി, ന്യൂനപക്ഷ, വനിത, യുവജന പ്രാതിനിധ്യത്തിനായി പകുതി സീറ്റ് മാറ്റിവെക്കും. നിലവിലെ 25ൽനിന്ന് പരമാവധി നാലു സീറ്റുവരെ കൂട്ടാനാണ് ഒരുക്കം.
ദുർബല വിഭാഗ സംവരണത്തിനൊപ്പം മുൻ പ്രസിഡന്റും (രാഹുൽ ഗാന്ധി), മുൻ പ്രധാനമന്ത്രിയും (മൻമോഹൻസിങ്) പ്രവർത്തകസമിതി അംഗങ്ങളായിരിക്കുമെന്ന വ്യവസ്ഥയും കൊണ്ടുവരും. കോൺഗ്രസ് അധ്യക്ഷൻ (മല്ലികാർജുൻ ഖാർഗെ), പാർലമെന്ററി പാർട്ടി നേതാവ് (സോണിയ ഗാന്ധി) എന്നിവർക്കു പുറമെ 23 പേരാണ് നിലവിലെ വ്യവസ്ഥപ്രകാരം പ്രവർത്തകസമിതി അംഗങ്ങൾ. ഈ മാസം 24 മുതൽ 26 വരെ ഛത്തിസ്ഗഢിലെ റായ്പുരിലാണ് എ.ഐ.സി.സി പ്ലീനറി സമ്മേളനം. മത്സരം ഒഴിവാക്കി സമവായത്തിലൂടെ പ്രവർത്തക സമിതി അംഗങ്ങളെ നിശ്ചയിക്കാനാണ് അണിയറയൊരുക്കം.
ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് നടക്കുന്ന സുപ്രധാനമായ എ.ഐ.സി.സി സമ്മേളനത്തിൽ മത്സരം ഉണ്ടായാൽ കർണാടക പോലെ തെരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനങ്ങളിൽ ഗ്രൂപ്പുപോരിന് ആക്കം പകരുമെന്നും സമ്മേളനം കേന്ദ്രീകരിക്കേണ്ട വിഷയങ്ങളിൽ നിന്ന് അജണ്ട മാറുമെന്നും നേതൃത്വം കരുതുന്നു. നരസിംഹറാവു പ്രസിഡന്റായ 1992ലെ തിരുപ്പതി പ്ലീനറി സമ്മേളനത്തിലും സീതാറാം കേസരി പ്രസിഡന്റായ 1997ലെ കൊൽക്കത്ത പ്ലീനറിയിലും പ്രവർത്തക സമിതി തെരഞ്ഞെടുപ്പു നടന്നു.
അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട അർജുൻസിങ്, ശരത് പവാർ, അഹ്മദ് പട്ടേൽ, ഗുലാംനബി തുടങ്ങിയവർ ശക്തികേന്ദ്രങ്ങളായി മാറി. മല്ലികാർജുൻ ഖാർഗെക്ക് പാർട്ടി മുന്നോട്ടു കൊണ്ടുപോകാൻ മത്സരത്തിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രയാസമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.