ന്യൂഡൽഹി: ‘ഇൻഡ്യ’ മുന്നണിക്കുമുന്നിൽ കീറാമുട്ടിയായ സീറ്റ് പങ്കിടൽ ചർച്ചകളിലേക്ക് നീങ്ങുകയാണ് കോൺഗ്രസും പ്രാദേശിക പാർട്ടികളും. വിവിധ കക്ഷിനേതാക്കളുമായി പ്രാഥമികമായി സംസാരിക്കാൻ ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചുമതലപ്പെടുത്തി. പി.സി.സികളുമായി സംസാരിച്ച് സീറ്റുധാരണയെക്കുറിച്ച് ഖാർഗെക്ക് റിപ്പോർട്ട് നൽകിയ സമിതിയുടെ അധ്യക്ഷനാണ് വാസ്നിക്. അടുത്തയാഴ്ച ചർച്ചകൾ നടക്കും.
ആകെ ലോക്സഭ സീറ്റിന്റെ പകുതിയോളം (250-275) സീറ്റുകളിൽ മത്സരിക്കാനുള്ള പുറപ്പാടിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ 421 സീറ്റിൽ മത്സരിച്ചെങ്കിലും 52 സീറ്റിലാണ് ജയിച്ചത്. ജയസാധ്യത പരീക്ഷിക്കാവുന്ന സീറ്റുകൾ 275ൽ താഴെയെന്നാണ് കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് നേതൃയോഗം വിലയിരുത്തിയത്. മറ്റു സീറ്റുകൾ ‘ഇൻഡ്യ’ കക്ഷികളുമായി പങ്കുവെക്കാൻ തയാർ. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോളം നീളുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുമ്പോൾ, മറുവശത്ത് ‘ഇൻഡ്യ’ കക്ഷികളുമായുള്ള സീറ്റ് ധാരണ ചർച്ചകൾ മുന്നോട്ടുനീങ്ങും. രാഹുലിന്റെ യാത്ര കടന്നുപോകുന്ന 100 ലോക്സഭ സീറ്റുകളിൽ ബി.ജെ.പി വിരുദ്ധ ചലനമുണ്ടാക്കാൻ കഴിയുമെന്നും വിലയിരുത്തുന്നു. അതേസമയം, സീറ്റു പങ്കിടൽ ചർച്ചകളാണ് ‘ഇൻഡ്യ’യുടെ കെട്ടുറപ്പ് നിർണയിക്കുക.
പശ്ചിമ ബംഗാളിൽ രണ്ടു സീറ്റു മാത്രം നൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ നിലപാടിൽ പൊട്ടിത്തെറിച്ചു നിൽക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. യു.പിയിലെ 80ൽ 69 സീറ്റിലും മത്സരിക്കാനുള്ള പുറപ്പാടിലാണ് സമാജ്വാദി പാർട്ടി.
തെരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷ നിരയെ അന്വേഷണങ്ങളിൽ തളക്കാനുള്ള മോദി സർക്കാറിന്റെ ശ്രമങ്ങൾ മറുവശത്തുണ്ട്. മദ്യനയ ക്രമക്കേട് കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരുംദിവസങ്ങളിൽ ശക്തമായി നീങ്ങിയേക്കും.
മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് ശരദ് പവാറിന്റെ കൊച്ചുമകനും എം.എൽ.എയുമായ രോഹിത് പവാറിന്റെ ബിസിനസ് സ്ഥാപനത്തിൽ വെള്ളിയാഴ്ച ഇ.ഡി റെയ്ഡ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.