ശ്രീനഗർ: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നിയോഗിച്ച അഞ്ചംഗ മണ്ഡല പുനർനിർണയ കമീഷൻ ചൊവ്വാഴ്ച ശ്രീനഗറിലെത്തി. സംഘം നാലു ദിവസം ജമ്മു-കശ്മീരിലുണ്ടാകും.
കമീഷനു മുന്നിൽ നിർദേശങ്ങൾ സമർപ്പിക്കാൻ പി.ഡി.പിയും അവാമി നാഷനൽ കോൺഫറൻസും (എ.എൻ.സി) ഒഴികെയുള്ള പ്രമുഖ പാർട്ടികൾ തീരുമാനിച്ചു. കമീഷെൻറ തീരുമാനങ്ങൾ മുൻകൂട്ടി തീരുമാനിച്ചതാണെന്നും ഇത് ജനതാൽപര്യത്തിന് എതിരാണെന്നും പി.ഡി.പി ജനറൽ സെക്രട്ടറി ഗുലാം നബി ഹൻജുര പറഞ്ഞു.
അതുകൊണ്ടുതന്നെ കമീഷനുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി പാർട്ടി, കമീഷന് കത്ത് നൽകി. കമീഷൻ രൂപവത്കരിച്ചതിനെതിരെ സുപ്രീംകോടതിയിൽ ചോദ്യംചെയ്തതിനാലാണ് വിട്ടു നിൽക്കുന്നതെന്ന് എ.എൻ.സി ജനറൽ സെക്രട്ടറി മിർ മുഹമ്മദ് ഷാഫി പറഞ്ഞു. അതേസമയം, നാഷനൽ കോൺഫറൻസ്, കോൺഗ്രസ്, ജമ്മു-കശ്മീർ പീപ്ൾസ് കോൺഫറൻസ് ഉൾപ്പെടെയുള്ള പാർട്ടികൾ കമീഷനെ കാണാൻ പ്രതിനിധികളെ നിയോഗിച്ചു. കശ്മീരിെൻറ പ്രത്യേക പദവി നീക്കി ആറുമാസത്തിന് ശേഷമാണ് കേന്ദ്രം മണ്ഡല പുനർ നിർണയ കമീഷനെ നിയോഗിച്ചത്. നേരത്തെ 2026ലാണ് മണ്ഡല പുനർനിർണയം തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ജമ്മു-കശ്മീരിന് പൂർണ സംസ്ഥാനപദവി വേണമെന്നാണ് പ്രമുഖ രാഷ്ട്രീയപാർട്ടികളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.