സുധീർ ചൗധരി
ബംഗളൂരു: വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന കേസിൽ 'ആജ് തക്' ചാനൽ അവതാരകൻ സുധീർ ചൗധരിക്കെതിരായ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കർണാടക ഹൈകോടതി. സർക്കാർ പദ്ധതികളെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചെന്ന കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വാക്കാൽ അറിയിച്ചു. കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധീർ ചൗധരിയും ആജ് തകും നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
വ്യാജ വാർത്ത ഇതുവരെയും ചാനൽ പിൻവലിച്ചിട്ടില്ലെന്ന് വെള്ളിയാഴ്ച ഹരജി പരിഗണിക്കവെ സർക്കാരിനു വേണ്ടി ഹാജരായ എ.ജി കെ. ശശി കിരൺ ഷെട്ടി ചൂണ്ടിക്കാട്ടി. തുടർന്നാണ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505, 153 എ വകുപ്പുകളാണ് സുധീറിനെതിരെ ചുമത്തിയത്.
ന്യൂനപക്ഷങ്ങൾക്ക് മാത്രം പ്രത്യേക വാഹന സബ്‌സിഡി നൽകുന്നുണ്ടെന്നും കർണാടക ന്യൂനപക്ഷ വികസന കോർപറേഷന്റെ പദ്ധതി ഹിന്ദുക്കൾക്കെതിരായ വിവേചനമാണെന്നുമായിരുന്നു ചാനലിലെ ഒരു പരിപാടിയിൽ സുധീർ ചൗധരിയുടെ വാദം. തുടർന്ന്, സർക്കാരിന്റെ പദ്ധതിയെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന പരാതിയിൽ സെപ്റ്റംബർ 13നാണ് പൊലീസ് കേസെടുത്തത്.
'അതീവ ദരിദ്രനും ഹിന്ദുവും ആണെങ്കിൽ കൈയിൽ പണമില്ലെങ്കിലും വാഹനം വാങ്ങാൻ സബ്‌സിഡി ലഭിക്കില്ല. എന്നാൽ, മുസ്‌ലിം, സിഖ്, ബുദ്ധ വിഭാഗത്തിലാണെങ്കിൽ സബ്‌സിഡി ലഭിക്കും'- ഇതായിരുന്നു സുധീറിന്‍റെ വിദ്വേഷ പരാമർശം. എന്നാൽ, എസ്.സി/എസ്.ടി വിഭാഗക്കാർക്കും പിന്നാക്ക സമുദായക്കാർക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.