കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ബിദാൻ ചന്ദ്ര കൃഷി വിശ്വവിദ്യാലയ (ബി.സി.കെ.വി)യിലെ കാർഷിക ഫാക്കൽറ്റിയുടെ പ്രവേശന കവാട നോട്ടീസ് ബോർഡിൽ മുസ്‍ലിം വിരുദ്ധവും അവഹേളനപരവുമായ പോസ്റ്റർ. ‘നാക്കളെയും മുസ്‍ലിംകളെയും അനുവദിക്കില്ല. എല്ലാ കണ്ണുകളും പഹൽഗാമിലാണ്. തീവ്രവാദം എന്നാൽ ഇസ്‍ലാം എന്നാണ്’ എന്നായിരുന്നു കൈയെഴുത്തുപ്രതിയിലുള്ള പോസ്റ്ററിലെ വാക്കുകൾ. പോസ്റ്ററിൽ ആരുടെയും പേരില്ലായിരുന്നു. ശ്രദ്ധയിൽപ്പെട്ടതിന് തൊട്ടുപിന്നാലെ അത് നീക്കം ചെയ്തു.
ഇന്ത്യയിലെ മുൻനിര കാർഷിക സർവകലാശാലകളിൽ ഒന്നാണ് ബി.സി.കെ.വി. അത്തരമൊരു സന്ദേശം പ്രത്യക്ഷപ്പെട്ടത് കാമ്പസ് സമൂഹത്തെ അസ്വസ്ഥരാക്കുകയും വിദ്യാർത്ഥികളിലും ഫാക്കൽറ്റി അംഗങ്ങളിലും രോഷം ഉളവാക്കുകയും ചെയ്തു. പോസ്റ്റർ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം ഒരു വ്യക്തിയോ ഗ്രൂപ്പോ ഏറ്റെടുത്തിട്ടില്ല. സർവകലാശാല ഭരണകൂടം ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തെത്തുടർന്ന് രാജ്യത്തുടനീളം മുസ്‍ലിംവിരുദ്ധ പ്രസ്താവനകളുടെയും നടപടികളുടെയും ഒരു തരംഗത്തിനിടയിലാണ് ഈ സംഭവം.
കാമ്പസിലെ വിദ്യാർഥികളും അധ്യാപകരും പോസ്റ്ററിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇതെക്കുറിച്ച് അന്വേഷണം വേണമെന്നും കാമ്പസിൽ സാമുദായിക ഐക്യം ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെട്ടു. ‘ഇത് ശരിക്കും നിർഭാഗ്യകരവും അസ്വീകാര്യവുമാണ്’ എന്ന് ഒരു പ്രഫസർ പ്രതികരിച്ചു. അക്കാദമിക് മികവിനും ഉൾക്കൊള്ളലിനും പേരുകേട്ട ഒരു സ്ഥാപനത്തിൽ ഇത്തരം വിദ്വേഷകരമായ ഉള്ളടക്കത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മുസ്‍ലിം സമുദായങ്ങളെ ലക്ഷ്യം വെക്കാൻ തീവ്രവാദ സംഭവങ്ങൾ ഉപയോഗിക്കുന്ന വ്യാപകവും അസ്വസ്ഥതയുളവാക്കുന്നതുമായ പ്രവണതയുടെ ഭാഗമായാണ് പലരും ഇതിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.