ലഖ്നോ: "വീട് തകർക്കുമ്പോൾ അവിടെയുണ്ടായിരുന്ന ചെടിച്ചട്ടികളും പൊട്ടിവീഴുന്നത് ഞങ്ങൾ കണ്ടു. വീട്ടിൽ ഉമ്മ നട്ടുവളർത്തിയ 500ലേറെ ചെടികൾ ഉണ്ടായിരുന്നു. അവർ നശിപ്പിച്ച ഓരോ ചെടികളും അവരെ ശപിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിലാണ് ആശ്വാസം' -ചെറു മന്ദഹാസത്തോടെ, അതിനേക്കാൾ ഏറെ ആത്മാഭിമാനത്തോടെ അഫ്രീൻ ഫാത്തിമ പറയുന്നു.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് യു.പിയിലെ ബി.ജെ.പി സർക്കാർ പ്രയാഗ് രാജിലെ അഫ്രീന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. സ്റ്റുഡന്റ് ആക്ടിവിസ്റ്റും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാവുമാണ് അഫ്രീൻ. ഇവരുടെ പിതാവ് ജാവേദ് മുഹമ്മദിനെ പ്രതിഷേധത്തിന്റെയും കലാപത്തിന്റെയും സൂത്രധാരനായി മുദ്രകുത്തിയാണ് ഇവരുടെ വീട് തകർത്തത്.
'ഉമ്മയ്ക്ക് ചെടികളോട് വലിയ ഇഷ്ടമായിരുന്നു. വീട് തകർക്കുന്നതിനിടെ ഞങ്ങളുടെ വീട്ടിലെ ചെടിച്ചട്ടികളും തകർന്നു. 500ലധികം ചെടികൾ ഉണ്ടായിരുന്നു. ഓരോ ചെടികളും അവരെ ശപിക്കുമെന്നാണ് എന്റെ തോന്നൽ. അത് എനിക്ക് തെല്ല് ആശ്വാസം നൽകുന്നു' -മക്തൂബ് മീഡിയക്ക് നൽകിയ വിഡിയോ അഭിമുഖത്തിൽ അഫ്രീൻ പറഞ്ഞു.
വീടുകൾ തകർത്ത് സാമ്പത്തികമായി നശിപ്പിച്ചും മുസ്‍ലിംകളെ അപമാനവീകരിച്ചും പൈശാചികവത്കരിച്ചും ആനന്ദം കണ്ടെത്താനാണ് തീവ്ര അധീശ ഹിന്ദുത്വവാദികളുടെ ശ്രമമെന്നും എന്നാൽ, വീടുകൾ തകർത്തതിന്റെ പേരിൽ ഒരുതുള്ളി കണ്ണീർ പോലും തങ്ങൾ പൊഴിക്കില്ലെന്നും അഫ്രീൻ പറഞ്ഞു. "അവർ അതിൽ നിന്ന് ആനന്ദം കണ്ടെത്തുന്നു. അതിലൂടെ രസിക്കുക എന്നതാണ് അവരുടെ ആശയം. അങ്ങനെയങ്ങ് അവരുടെ ആഗ്രഹം നിറവേറ്റാൻ ഞങ്ങൾ ഒരുക്കമല്ല. ഞങ്ങൾ ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കില്ല" -അഫ്രീൻ വ്യക്തമാക്കി.
"ഞങ്ങളുടെ ഇളയ സഹോദരി ആ വീട്ടിലാണ് ജനിച്ചത്. ആ വീടും അവളെപ്പോലെ ചെറുപ്പമായിരുന്നു. അത് ഞങ്ങളുടെ ഇടമായിരുന്നു. ഞങ്ങളുടെ സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഇടമായിരുന്നു ആ വീട്. മുസ്‌ലിംകൾ ഒന്നും ചെയ്തില്ലെങ്കിലും അവർ ചെയ്യേണ്ടത് ചെയ്യും. ദേശീയ ചാനലുകളിൽ ദിനംപ്രതി മുസ്‍ലിംകളെ പൈശാചികവൽക്കരിക്കുകയും അപമാനവീകരിക്കുകയുമാണ്. മുസ്‍ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത അലഹബാദിലെ 'ധർമ സൻസദി'ന്റെയൊക്കെ ഫലമായി വർധിച്ചുവരുന്ന അസഹിഷ്ണുത വർധിച്ചു വരികയാണ്. ഇത് കണക്കിലെടുക്കുമ്പോൾ, അലഹബാദിൽ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ലെങ്കിലും എന്റെ പിതാവിന്റെ മേൽ അവർ എന്തെങ്കിലുമൊക്കെ കുറ്റം ചുമത്തുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്'' -അഫ്രീൻ പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച് ബി.ജെ.പി നേതാക്കളായ നൂപുർ ശർമയും നവീൻ ജിൻഡാലും നടത്തിയ പരാമർശങ്ങൾക്കെതിരെ പേരിൽ പ്രയാഗ്‌രാജിൽ പ്രതിഷേധപ്രകടനം നടന്നിരുന്നു. ഇതിൽ അഫ്രീൻ ഫാത്തിമയുടെ പിതാവും വെൽഫെയർ പാർട്ടി നേതാവുമായ ജാവേദ് മുഹമ്മദിനെ പൊലീസ് പ്രതി ചേർത്തിരുന്നു. തുടർന്ന് പ്രതികാര നടപടിയെന്നോണം അദ്ദേഹവും കുടുംബവും താമസിക്കുന്ന പ്രയാഗ്‌രാജിലെ വീട് ജൂൺ 12ന് ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.