മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിൻെറ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. മരിച്ചുകിടക്കുന്ന സുശാന്തിൻെറ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് മാനസിക അസ്വാസ്ഥ്യമുണ്ടാക്കുകയും സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നൽകുകയും ചെയ്യും. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്തിനെ വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരിച്ചുകിടക്കുന്ന സുശാന്തിൻെറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ മഹാരാഷ്ട്ര സൈബർ വിദഗ്ധരെയും െപാലീസിനെയും ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്തരം നിരവധി ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു.
ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഉൗർമിള മേതാണ്ഡ്കർ രംഗത്തെത്തിയിരുന്നു. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്നും ഇവ ഗുരുതര മാനസിക സംഘർഷങ്ങൾക്ക് ഇടയാക്കുമെന്നും നടി ട്വീറ്റ് ചെയ്തു.
34കാരനായ സുശാന്തിനെ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുജോലിക്കാരനാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജറും സുഹൃത്തുമായ ദിശ സാലിയാൻ ഒരാഴ്ച മുമ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചിരുന്നു.
എം.എസ് ധോനി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനിയുടെ വേഷം അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായിരുന്നു. പി.കെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങൾ. സുശാന്ത് സിങ് ആറു മാസമായി വിഷാദരോഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സുശാന്തിന്‍റെ സുഹൃത്തുക്കളും ഇത്തരമൊരു കാരണമാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ആത്മഹത്യ കുറിപ്പുകളൊന്നും വീട്ടിൽനിന്ന് ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.