പനജി;ബ്രിക്സ് ഉച്ചകോടിയിൽ പാകിസ്താനെതിരെ രൂക്ഷപരാമർശങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി രംഗത്ത്. ബ്രിക്സ് നേതാക്കളുമായുള്ള ചർച്ചയിലാണ് മോദി പാക്കിസ്ഥാനെ പേരെടുത്തു പറയാതെ വിമർശിച്ചത്. ഞങ്ങൾ നേരിടുന്ന ഏറ്റവും ഗുരുതരമായിട്ടുള്ള ഭീഷണി തീവ്രവാദമാണ്. നിർഭാഗ്യവശാൽ ഈ ഭീകരവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയൽ രാജ്യത്തിൻേറതാണ്. ലോകത്തെ എല്ലാ ഭീകര സംഘടനകളും ഈ രാജ്യവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. വൻതോതിൽ വ്യാപിക്കുന്ന ഭീകരവാദം ഏഷ്യക്കും യൂറോപ്പിനും വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ രാജ്യം ഭീകരർക്ക് അഭയമൊരുക്കുക മാത്രമല്ല ചെയ്യുന്നത്. രാഷ്ട്രീയ ലാഭത്തിനായി നാടുനീളെ തീവ്രവാദത്തെ ന്യായീകരിക്കുന്ന തരത്തിൽ ഒരു മാനസികാവസ്ഥ ഊട്ടിവളർത്തുന്നു. ഈ ഭീഷണിക്കെതിരെ ബ്രിക്സ് രാജ്യങ്ങൾ ഒറ്റ ശബ്ദത്തിൽ സംസാരിക്കുക തന്നെ ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു.
ഉറി ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ പാക്കിസ്താനെ ലോകതലത്തിൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു അഭിപ്രായപ്രകടനം. ഭീകരതക്കെതിരെ ഒരുമിച്ചു പൊരുതാൻ എല്ലാം ബ്രിക്സ് രാജ്യങ്ങളുടെയും സഹകരണം ആവശ്യമാണെന്നും മോദി വ്യക്തമാക്കി. ബ്രിക്സ് രാജ്യങ്ങളുടെ എട്ടാം ഉച്ചകോടിക്ക് ഗോവയിൽ ഇന്നാണ് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.