നാഗ്പൂർ: നടനും ദലിത് ആക്ടിവിസ്റ്റുമായ വീര സതീദാർ കോവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂർ എയിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. 62വയസായിരുന്നു. ദേശീയ പുരസ്കാരം നേടിയ 'കോർട്ട്' എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിചാരണതടവുകാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു കോർട്ട്.
ചിത്രത്തിൽ നാരായണന്‍ കാംബ്ലെ എന്ന വയോധികനായ വിപ്ലവ കവിയുടെ വേഷമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.
ദലിത് മാസിക വിദ്രോഹിയുടെ സ്ഥാപക എഡിറ്ററുമായിരുന്ന സതീദാർ റാഡിക്കൽ അംബേദ്കറൈറ്റ് രാഷ്ട്രീയ മൂല്യങ്ങൾ കാത്തുസൂക്ഷിച്ച സാംസ്കാരിക പ്രവർത്തകനും കൂടിയായിരുന്നു.
വൈദ്യുതി മോഷണം, നിരോധിത പുസ്തകത്തിന്‍റെ വിൽപന എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് നാല് വർഷത്തോളം വിചാരണ തടവുകാരനായി കഷ്ടപ്പെട്ട് ഒടുവിൽ സ്വതന്ത്രനാക്കപ്പെട്ട വ്യക്തിയാണ് വീര സതീദാർ. താൻ ഏർപ്പെടുന്ന വ്യവസ്ഥിതികളോടുള്ള കലഹം സിനിമയിലൂടെയും തുടരുകയായിരുന്നു അദ്ദേഹം.
തുടക്കകാലത്ത് കവിത എഴുതി തുടങ്ങിയ അദ്ദേഹം ദലിത് പാന്തേഴ്സുമായും അംബേദ്കറൈറ്റ് പ്രസ്ഥാനവുമായും ബന്ധപ്പെട്ടാണ് സാമൂഹിക പ്രവർത്തനത്തിന് തുടക്കമിട്ടത്. കവി, എഴുത്തുകാരൻ, ഗായകൻ, ഗാനരചയിതാവ്, നടൻ എന്നീ നിലകളിലും അറിയപ്പെട്ടു.
ഒന്ന് രണ്ട് മറാത്തി ചിത്രങ്ങളിൽ കൂടി വേഷമിട്ടെങ്കിലും കോർട്ടാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രം 2016ലെ ഇന്ത്യയുടെ ഓസ്കാർ എൻട്രി കൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.