ഭാര്യക്കും മകൾക്കും ജീവനാംശം നൽകാതിരിക്കാൻ ആസൂത്രിതമായി കളിച്ചു;   സോഫ്റ്റ്​വെയർ എൻജിനീയർക്ക് ലക്ഷം രൂപ പിഴയിട്ട് ബോംബെ ഹൈകോടതി

ഭാര്യക്കും മകൾക്കും ജീവനാംശം നൽകാതിരിക്കാൻ ആസൂത്രിതമായി കളിച്ചു; സോഫ്റ്റ്​വെയർ എൻജിനീയർക്ക് ലക്ഷം രൂപ പിഴയിട്ട് ബോംബെ ഹൈകോടതി

മുംബൈ: ഭാര്യക്കും പ്രായപൂർത്തിയാകാത്ത മകൾക്കും ജീവനാംശം നൽകാനുള്ള ഉത്തരവ് പാലിക്കാതിരിക്കാൻ ‘ആസൂത്രിതമായി’ ശ്രമിച്ചയാൾക്ക് ബോംബെ ഹൈകോടതി ലക്ഷം രൂപ പിഴ ചുമത്തി. തുക നാല് ആഴ്ചക്കുള്ളിൽ ഭാര്യക്ക് നൽകണം.

സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന, പ്രതിവർഷം 65 ലക്ഷം രൂപ (പ്രതിമാസം 5.5 ലക്ഷം രൂപ) ശമ്പളം വാങ്ങുന്ന ഹരജിക്കാരന് നിലവിൽ പ്രതിമാസം 20,000 രൂപ മാത്രമേ ശമ്പളം ലഭിക്കുന്നുള്ളൂവെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് മാധവ് ജംദാർ പറഞ്ഞു.

ദമ്പതികൾ 2016 ഏപ്രിലിൽ വിവാഹിതരായി. 2020 സെപ്റ്റംബറിൽ സിവിൽ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. 2022 സെപ്റ്റംബറിൽ ഭാര്യക്കും മകൾക്കും 30,000 രൂപ ജീവനാംശവും ഫ്ലാറ്റിന്റെ ഇ.എം.ഐയും നൽകാൻ സിവിൽ ജഡ്ജ് നിർദേശിച്ചു. 2024 മെയ് മാസത്തിൽ ഇയാൾ നൽകിയ പുനഃപരിശോധനാ ഹരജിയിൽ തന്റെ ഉത്തരവ് റദ്ദാക്കാൻ ജഡ്ജ് വിസമ്മതിച്ചു.

എന്നാൽ, 2021ആഗസ്റ്റ് 2 മുതൽ 65 ലക്ഷം രൂപ വാർഷിക വരുമാനത്തിൽ തന്റെ കക്ഷിക്ക് ജോലി ലഭിച്ചുവെന്നും ജോലിയിൽ ചേർന്ന് നാല് ദിവസത്തിന് ശേഷം ഒരു അപകടത്തിൽപ്പെട്ടുവെന്നും ഹൈകോടതിയിൽ ഇയാളുടെ അഭിഭാഷക നൈന ശർമ വാദിച്ചു. തുടർന്ന് രണ്ട് മാസത്തെ മെഡിക്കൽ അവധിയിലായിരുന്നു. 2021 ഒക്ടോബറിൽ വീണ്ടും സേവനം പുനരാരംഭിച്ചു. അപകടം കാരണം അദ്ദേഹത്തിന് ജോലി ചെയ്യാൻ കഴിയാത്തതിനാൽ രാജിവെച്ചു. പ്രതിമാസം 20,000 രൂപ ശമ്പളമുള്ള ജോലി ഏറ്റെടുത്തതിനാൽ ജീനാംശവും ഇ.എം.ഐ പേയ്‌മെന്റ് ബാധ്യതകളും പാലിക്കുന്നത് വളരെ ബുദ്ധിമുട്ടായെന്നും അഭിഭാഷക കോടതിയിൽ പറഞ്ഞു.

എന്നാൽ, ഇതിനെതിരെ ഭാര്യ നൽകിയ ഹരജിയിൽ ഭർത്താവിന്റെ പുനഃപരിശോധനാ ഹരജിയിലോ ഹൈകോടതിയിൽ സമർപിച്ച ഹരജിയിലോ അങ്ങനെയൊരു അപകടത്തെക്കുറിച്ച് പരാമർശമില്ലെന്ന് ജസ്റ്റിസ് ജംദാർ പറഞ്ഞു. സിവിൽ ജഡ്ജി മുമ്പാകെ ഭാര്യ നൽകിയ കോടതിയലക്ഷ്യ ഹരജിക്ക് നൽകിയ മറുപടിയിൽ നേരത്തെ ജോലി രാജി​വെക്കാനുള്ള കാരണം ആരോപിക്കപ്പെടുന്ന അപകടം മൂലമല്ലെന്നും അറിയിച്ചു.

ജോലി രാജിവെച്ചതിനുശേഷവും ഭർത്താവ് പ്രതിവർഷം 35 ലക്ഷത്തിനും 50നും ഇടയിൽ സമ്പാദിക്കുന്നുണ്ടെന്ന് ഭാര്യ അറിയിച്ചുവെന്നും ജസ്റ്റിസ് ജാംദാർ പറഞ്ഞു. കോടതി ജീവനാംശം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചാലും അത് നടപ്പിലാക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ഹരജിക്കാരൻ ആസൂത്രിതമായി ശ്രമിച്ചുവെന്ന് വ്യക്തമാണ്. നിലവിൽ എട്ടു വയസ്സുള്ള മകൾക്ക് ജീവനാംശം നൽകാൻ പോലും ഹരജിക്കാരൻ തയ്യാറല്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും ജഡ്ജ് കൂട്ടിച്ചേർത്തു.

‘വൃത്തികെട്ട കളികളാലും പൂർണമായും തെറ്റായും’ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചതായി ജസ്റ്റിസ് ജാംദാർ പറഞ്ഞു. അപകടം സംഭവിച്ചതായി കരുതുന്നുണ്ടെങ്കിലും അപകട കാരണം ഹരജിക്കാരന്റെ ജോലിയെ ബാധിച്ചിട്ടില്ല എന്ന ഭാര്യയുടെ വാദത്തിൽ കഴമ്പുണ്ടെന്നും ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് പറഞ്ഞു.

Tags:    
News Summary - Bombay High Court fines software engineer Rs 1 lakh for deliberately playing games to avoid paying maintenance to wife and daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.