ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി കുറ്റക്കാരനാണെന്നു കെണ്ടത്തിയ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരായ ശിക്ഷയിൽ വാദംകേൾക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹരജി നൽകി. പുനഃപരിശോധന ഹരജി സമർപ്പിക്കുന്നതുവരെ ശിക്ഷയിൽ വാദംകേൾക്കുന്നത് മാറ്റിവെക്കണമെന്നാണ് ഭൂഷണിനുവേണ്ടി അഡ്വ. കാമിനി ജയ്സ്വാൾ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെടുന്നത്. കേസിൽ ശിക്ഷ വിധിക്കുന്നതിനായി വ്യാഴാഴ്ച വാദംകേൾക്കാനിരിക്കെയാണ് ഇത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും മൂന്നു മുന്‍ ചീഫ് ജസ്റ്റിസുമാരെയും ട്വീറ്റുകളിലൂടെ വിമര്‍ശിച്ചതിന് പ്രശാന്ത് ഭൂഷണിനെതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കുകയായിരുന്നു. ജൂണ്‍ 29നും ജൂൈല 22നും പുറത്തുവന്ന ട്വീറ്റുകളിലൂെട കോടതിയുടെ അന്തസ്സ് ഇകഴ്ത്തിയെന്നു ചൂണ്ടിക്കാണിച്ചാണ് ഭൂഷൺ കേസിൽ കുറ്റക്കാരനാണെന്ന് ആഗസ്റ്റ് 14ന് സുപ്രീംകോടതി വിധിച്ചത്. ശിക്ഷ തീരുമാനിക്കാനുള്ള വാദംകേൾക്കൽ നീട്ടിവെക്കുന്നില്ലെങ്കിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ പുനഃപരിശോധന ഹരജി നൽകാൻ നിയമപ്രകാരം അർഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി സ്വമേധയാ കേസെടുത്ത സ്ഥിതിക്ക് മറ്റു കോടതികളിൽ അപ്പീൽ നൽകാൻ അവകാശമില്ല. ഈ സാഹചര്യത്തിൽ പുനഃപരിശോധന ഹരജി നൽകുക എന്ന ഒറ്റ നിയമമാർഗമേ തനിക്കുള്ളൂവെന്നും ഭൂഷൺ പറഞ്ഞു.
അതിനിടെ, കോടതിയലക്ഷ്യ കേസുകൾ നിയമത്തിെൻറ വിശാലമായ ചോദ്യങ്ങളടങ്ങുന്നതാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. ഇത്തരം കേസുകൾ വിശാലമായ ഭരണഘടന ബെഞ്ച് നേരിട്ട് കേൾക്കണം. ഏഴംഗ ഭരണഘടന ബെഞ്ചാണ് ജസ്റ്റിസ് സി.എസ്. കർണനെതിരായ വിധി പറഞ്ഞതെന്ന് കുര്യൻ േജാസഫ് ചൂണ്ടിക്കാട്ടി. കോടതി സ്വമേധയാ എടുക്കുന്ന കോടതിയലക്ഷ്യ കേസുകളിൽ നിയമത്തിെൻറ ദുരുപയോഗത്തിനുള്ള വിദൂരസാധ്യതപോലും ഒഴിവാക്കാൻ അപ്പീലിന് അവസരം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.