ന്യൂഡൽഹി: ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസ് ബി.1.167നും യു.കെ വകഭേദമായ ബി.1.1.7നും എതിരെ കോവാക്സിൻ ഫലപ്രദമാണെന്ന് ഭാരത് ബയോടെക് അറിയിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഗവേഷണ പ്രകാരം കോവാക്സിൻ എല്ലാ പ്രധാന വകഭേദങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നുണ്ടെന്നും ആൻറിബോഡികൾ സൃഷ്ടിച്ചുവെന്നും പഠനത്തിൽനിന്ന് മനസ്സിലായതായി ഭാരത് ബയോടെക് പറഞ്ഞു.
പുതിയ വകഭേദങ്ങൾക്കെതിരായ പ്രതിരോധം കോവാക്സിനെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കാൻ ഉപകരിക്കുമെന്ന് ഭാരത് ബയോടെക്കിെൻറ സഹസ്ഥാപകയും ജോയിൻറ് മാനേജിംഗ് ഡയറക്ടറുമായ സുചിത്ര എല്ല ട്വീറ്റ് ചെയ്തു.
ജനുവരിയിൽ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയുടെ കോവിഷീൽഡിന് അനുമതി നൽകിയതിന് പിന്നാലെയാണ് കോവാക്സിനും അടിയന്തര അംഗീകാരം ലഭിച്ചത്. മൂന്നാംഘട്ട പരീക്ഷണം ബാക്കിനിൽക്കെയായിരുന്നു അനുമതി.
ഇടക്കാല ഫലങ്ങളും ക്ലിനിക്കല്‍ പഠനങ്ങളും അനുസരിച്ച് കോവാക്‌സിന്‍ 78 ശതമാനം ഫലപ്രാപ്തി കൈവരിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ 100 ശതമാനം വരെ രോഗ തീവ്രതയും മരണനിരക്കും കുറക്കുമെന്നും ക്ലിനിക്കല്‍ തെളിവുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.