ബംഗളൂരു: കോവിഡ് രണ്ടാംഘട്ട വ്യാപനത്തെതുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ രക്ഷിതാക്കളുടെ ബുദ്ധിമുട്ട് പരിഗണിച്ച് മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ 2020-21 അധ്യയവർഷത്തെ ഫീസ് സൗജന്യമാക്കാൻ തീരുമാനിച്ചു.
പ്രസിഡൻറ് ഡോ. എൻ.എ. മുഹമ്മദിെൻറ അധ്യക്ഷതയിൽ ചേർന്ന മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കഴിഞ്ഞ കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഒാൺലൈൻ ക്ലാസുകൾ സൗജന്യമായി നൽകിയിരുന്നു.
തുടർന്ന് വിദ്യാഗമ പദ്ധതിയിലൂടെ സർക്കാർ നിർദേശ പ്രകാരം വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകളും ആരംഭിച്ചിരുന്നു.
ഈ കാലയളവിലുള്ള ഫീസാണ് മുഴുവനായും ഒഴിവാക്കാൻ യോഗം തീരുമാനിച്ചത്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന സംഘടയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 90 ശതമാനവും നിർധന വിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണുള്ളത്. നിർധന കുടുംബത്തിലെ മിടുക്കരായ 25 ശതമാനം വിദ്യാർഥികൾക്ക് എല്ലാ വർഷവും സൗജന്യ വിദ്യാഭ്യാസം നിലവിൽ നൽകിവരുന്നുണ്ട്.
പുതിയ അധ്യയന വർഷത്തിലെ ഫീസുകളും മറ്റു കാര്യങ്ങളും സ്കൂൾ കമ്മിറ്റി പിന്നീട് തീരുമാനിക്കും. ജൂലൈ ഒന്ന് മുതൽ 2021-22 വർഷത്തെ ഓൺലൈൻ ക്ലാസ് ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ട്രഷറർ സി.എം. മുഹമ്മദ് ഹാജി, ഫരീക്കോ മമ്മു ഹാജി, സ്കൂൾ കമ്മിറ്റി ചെയർമാൻ അഡ്വ. പി. ഉസ്മാൻ, വൈസ് ചെയർമ്മാൻ വി.സി. അബ്ദുൽ കരീം ഹാജി, പി.എം. ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, എം.സി. ഹനീഫ്, ടി.പി. മുനീറുദ്ദീൻ, ആസിഫ്, മുഹമ്മദ് മൗലവി, കെ.എച്ച്. ഫാറൂഖ്, ടി.ടി.കെ. ഈസ, പി.എം.ആർ. ഹാഷിർ, സി.എച്ച്. ഷഹീർ, സിദ്ദീഖ് തങ്ങൾ, ഹാരിസ് കൊല്ലത്തി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും കെ.സി. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.