പാട്ന: 25 വർഷത്തിന്‍റെ ഇടവേളക്കൊടുവിൽ സി.പി.ഐ (എം-എൽ) നേതാക്കൾ വീണ്ടും ലോക്സഭയിൽ. ബിഹാറിൽ നിന്നാണ് ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച് രണ്ട് സീറ്റിൽ സി.പി.ഐ(എം-എൽ) വിജയിച്ചത്. ബിഹാറിലെ കരാകാട് സീറ്റിൽ നിന്ന് രാജാ റാം സിങ്ങും അറായിൽ നിന്ന് സുധമ പ്രസാദുമാണ് ഇടത് പാർട്ടിയെ വീണ്ടും ലോക്സഭയിലെത്തിച്ചത്. 2020ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച സി.പി.ഐ(എം-എൽ)ന് ലോക്സഭയിലെ വിജയം ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്.
സിറ്റിങ് എം.പിയും കേന്ദ്ര മന്ത്രിയുമായ ആർ.കെ. സിങ്ങിനെയാണ് അറായിൽ സുധമ പ്രസാദ് പരാജയപ്പെടുത്തിയത്. 59,808 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ വിജയം പിടിച്ചെടുത്തത്. സുധമ പ്രസാദിന് 5,29,382 വോട്ട് ലഭിച്ചപ്പോൾ കേന്ദ്ര മന്ത്രിക്ക് 4,69,574 വോട്ട് മാത്രമാണ് ലഭിച്ചത്. 2014ലും ആർ.കെ. സിങ്ങാണ് ഇവിടടെ ജയിച്ചത്. കരാകാട് സീറ്റിൽ 1,05,858 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിനാണ് സി.പി.ഐ(എം-എൽ) സ്ഥാനാർഥി രാജാ റാം സിങ് വിജയിച്ചത്. റാം സിങ് 3,80,581 വോട്ട് നേടിയപ്പോൾ എതിരാളി ഭോജ്പുരി നടനും ഗായകനുമായ പവൻ സിങ്ങിന് 2,74,723 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. എൻ.ഡി.എയുമായി തെറ്റിപ്പിരിഞ്ഞാണ് പവൻ സിങ് ഇവിടെ സ്വതന്ത്രനായി മത്സരിച്ചത്. എൻ.ഡി.എ സ്ഥാനാർഥിയായ രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹ മൂന്നാംസ്ഥാനത്തേക്ക് വീണു.
1989ലാണ് ഇതിന് മുമ്പ് ഒരു സി.പി.ഐ(എം-എൽ) സ്ഥാനാർഥി ലോക്സഭയിലെത്തിയത്. അറായിൽ നിന്ന് രാമേശ്വർ പ്രസാദായിരുന്നു അന്ന് ഇടതുപാർട്ടിയുടെ വിജയി. ഇത്തവണ മൂന്ന് സീറ്റിലാണ് പാർട്ടി മത്സരിച്ചത്. മൂന്നാമത്തെ സീറ്റായ നളന്ദയിൽ ഡോ. സന്ദീപ് സൗരവ് 1,69,114 വോട്ടിന് ജെ.ഡി(യു)വിന്‍റെ കുശാലേന്ദ്ര കുമാറിനോട് പരാജയപ്പെടുകയായിരുന്നു. ഇതോടൊപ്പം നടന്ന അജിയോൺ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ(എം.എൽ) സ്ഥാനാർഥി ശിവ് പ്രകാശ് രഞ്ജൻ വിജയിച്ചു.
2020ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം നടത്തിയ സി.പി.ഐ(എം-എൽ) മത്സരിച്ച 19 സീറ്റിൽ 12ലും വിജയിച്ചിരുന്നു. നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യത്തിനുള്ള മറുപടിയാണ് ജനങ്ങൾ വോട്ടിലൂടെ നൽകിയതെന്ന് സി.പി.ഐ(എം-എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.