ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി പഠിച്ച് തെറ്റുതിരുത്തലുമായി മുന്നോട്ടുപോകാൻ സി.പി.എം. അടിത്തട്ടിൽ ആഴത്തിലുള്ള ആത്മപരിശോധനയും തിരുത്തൽ നടപടികളുമുണ്ടാകും. കേരളത്തിലുണ്ടായ തിരിച്ചടിക്ക് കാരണമായ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേതൃത്വം നേരിട്ട് വിലയിരുത്തും. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടോ എന്ന് പഠിക്കാനും ഡൽഹിയിൽ ചേർന്ന മൂന്നുദിവസം നീണ്ട കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.
കേരളത്തിലെ തോൽവി ദേശീയതലത്തിൽ സി.പി.എമ്മിന് വലിയ ആഘാതമാണുണ്ടാക്കിയത്. ഇത് കേന്ദ്ര കമ്മിറ്റി യോഗത്തിൽ പലരും ഉന്നയിച്ചു. സംസ്ഥാനത്ത് പാർട്ടിയുടെ പരമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടായി. ബി.ജെ.പിയുടെ വിജയം തടയുന്നതിൽ സംഘടനതലത്തിൽ പരാജയപ്പെട്ടു. ആർ.എസ്.എസ് വളർച്ച ഗൗരവത്തോടെ കാണണം. ജനകീയാടിത്തറ ശക്തമാക്കാൻ നടപടികൾ വേണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിലുള്ള ദേശീയ ബദലിനൊപ്പം നിൽക്കുമ്പോൾ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് പരിമിതികളുണ്ടെന്നും ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നുമാണ് തോൽവിക്ക് കാരണമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വെള്ളിയാഴ്ച അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത്. എന്നാൽ, മാർക്സിയൻ തെരഞ്ഞെടുപ്പ് വിശകലന സമീപനമല്ല കേരളഘടകം അവതരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളുകയാണുണ്ടായത്. കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിങ്കളാഴ്ച മാധ്യമങ്ങളെ കാണും.
പശ്ചിമ ബംഗാളിൽ പ്രതിസന്ധികൾക്കിടയിലും മികച്ച പോരാട്ടം കാഴ്ചവെച്ച സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിനെ കേന്ദ്ര കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന് അടിത്തട്ടിൽ പരിശോധിച്ചാൽ മാത്രമേ തിരുത്തി മുന്നോട്ടുപോകാൻ സാധിക്കൂവെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ സി.പി.എം ലോക്സഭ കക്ഷി നേതാവ് കെ. രാധാകൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ന്യൂഡൽഹി: അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന നിലപാട് ആവർത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പറയാൻ ആഗ്രഹിച്ചതാണ് പറഞ്ഞത്. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താൻ ഉചിതമായ രീതിയിൽ പറഞ്ഞു. ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ലെന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ബിനോയ് വിശ്വം വ്യക്തമാക്കി.
സ്വർണം പൊട്ടിക്കലിന്റെ കഥകൾ വരുന്നു, അധോലോക സംസ്കാരം വരുന്നു. കയ്യൂരും കരിവെള്ളൂരിലും ഒഞ്ചിയത്തും ഒരുപാടുപേർ ചോരകൊടുത്തുണ്ടാക്കിയ പാർട്ടിയാണ്. അധോലോക സംസ്കാരം പാടില്ലെന്ന നിലപാട് സി.പി.ഐക്കുമുണ്ട് സി.പി.എമ്മിനുമുണ്ട്. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനാവശ്യമായ തിരുത്തലിനുവേണ്ടി സി.പി.ഐയും സി.പി.എമ്മുമെല്ലാം ശ്രമിക്കുന്ന വേളയിൽ അതേക്കുറിച്ച് ഏറ്റവും വ്യക്തമായ കാഴ്ചപ്പാട് ഉചിതമായി പറഞ്ഞുവെന്നേ ഉള്ളൂ. അതിനപ്പുറം മറ്റൊരു വ്യാഖ്യാനവും വേണ്ടതില്ല. ഞാനൊരാളെക്കുറിച്ചും പറഞ്ഞിട്ടില്ല. കേരളത്തിലെ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള വർത്തമാനമാണ്. സി.പി.ഐ എൽ.ഡി.എഫ് മുന്നണി വിടണമെന്ന എം.എം. ഹസന്റെ പ്രസ്താവന ചിരിച്ചുതള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.