സി.പി.എം നേതാവ്​ മുഹമ്മദ്​ അമീൻ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന സി.പി.എം നേതാവ്​ മുഹമ്മദ്​ അമീൻ (90) കൊൽക്കത്തയിൽ അന്തരിച്ചു. പോളിറ്റ്​ ബ്യൂറോ അംഗം, പശ്ചിമ ബംഗാൾ മന്ത്രി, എം.പി, സി.​െഎ.ടി.യു ജനറൽ സെക്രട്ടറി, വൈസ്​ പ്രസിഡൻറ്​ എന്നിങ്ങനെ കമ്യൂണിസ്​റ്റ്​​് പാർട്ടിയിൽ പതിറ്റാണ്ടുകൾ പല നിലകളിൽ പ്രവർത്തിച്ച നേതാവാണ്​. 

കൊൽക്കത്തയിൽ ദരിദ്ര കുടുംബത്തിൽ ജനിച്ച്​ 14ാം വയസ്സിൽ ചണമില്ലിൽ തൊഴിലാളിയായ മുഹമ്മദ്​ അമീൻ ഒൗപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ല. ബംഗാൾ ചണമിൽ തൊഴിലാളി യൂനിയനിൽ ചേർന്നു. രണ്ടാം ലോകയുദ്ധത്തി​​​െൻറ അവസാന കാലത്ത്​ 1946ലാണ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയിൽ ചേർന്നത്​. വിഭജനത്തെ തുടർന്ന്​ പാർട്ടി നിർദേശപ്രകാരം കിഴക്കൻ പാകിസ്​താനിലേക്ക്​ പോയി. അവിടെ രണ്ടു വർഷം വിചാരണ കൂടാതെ തടവിലായി. മോചിതനായപ്പോൾ പശ്ചിമ ബംഗാളിൽ തിരിച്ചെത്തി. രണ്ടു വർഷം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്​. 

ബാരക്​പുർ വ്യവസായ മേഖലയിൽ ചണമിൽ, ബീഡി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുൻനിരക്കാരനായി. പാർട്ടിയുടെ 24 പർഗാനാസ്​ ജില്ല കമ്മിറ്റിയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. 1971ൽ പശ്ചിമ ബംഗാൾ സംസ്​ഥാന കമ്മിറ്റിയിലേക്കും 1985ൽ കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ൽ പോളിറ്റ്​ ബ്യൂറോ അംഗമായി. 2012ൽ പാർട്ടി അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കി. 
1969ൽ ടിറ്റഗഢ്​​ നിയമസഭ സീറ്റിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു. അജോയ്​ മുഖർജി നയിച്ച ​െഎക്യമുന്നണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. ’71ലും ജയിച്ചു. ’77ൽ ജയിച്ചപ്പോൾ ആദ്യ ഇടതുമുന്നണി മന്ത്രിസഭയിൽ വീണ്ടും ഗതാഗത മന്ത്രിയായി. 1996 മുതൽ 2006 വരെ ന്യൂനപക്ഷ വികസന മന്ത്രിയും തൊഴിൽ മന്ത്രിയുമായി പ്രവർത്തിച്ചു. 1988 മുതൽ ’94 വരെ രാജ്യസഭാംഗമായിരുന്നു.

ലളിത ജീവിതത്തിന്​ ഉടമയായിരുന്നു മുഹമ്മദ്​ അമീൻ. ഒൗപചാരിക വിദ്യാഭ്യാസം ​േ​നടിയിട്ടില്ലെങ്കിലും ഉർദു, ഇംഗ്ലീഷ്​, ഹിന്ദി, ബംഗാളി ഭാഷകൾ വശമായിരുന്നു. പശ്ചിമ ബംഗാൾ സി.പി.എം ഘടകത്തി​​​െൻറ ഉർദു പ്രസിദ്ധീകരണമായ കിസാൻ മസ്​ദൂറി​​​െൻറ പത്രാധിപരായി പ്രവർത്തിച്ചു. നിരവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. മൂന്നു മക്കളുണ്ട്​. പാർട്ടിയുടെ ദീർഘകാല നേതാവി​​​െൻറ വേർപാടിൽ പോളിറ്റ്​ ബ്യൂ​േറാ അനുശോചിച്ചു.  

മുഖ്യമന്ത്രി  അനുശോചിച്ചു
മുതിർന്ന ട്രേഡ് യൂനിയൻ നേതാവും സി.പി.ഐ.എം  മുൻപൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന  മുഹമ്മദ് അമീന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  അനുശോചനം രേഖപ്പെടുത്തി. ബംഗാളിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ പ്രവർത്തിച്ച ത്യാഗധനനായ  നേതാവിനെയാണ് മുഹമ്മദ് അമീന്റെ നിര്യാണത്തോടെ നഷ്ടമായത്. ബീഡി തൊഴിലാളികളേയും ചണ വ്യവസായ തൊഴിലാളികളേയും സംഘടിപ്പിക്കാൻ അഹോരാത്രം പണിയെടുത്ത മുഹമ്മദ് അമീൻ സി ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി വരെയായി ഉയർന്നു. 46 ൽ പാർട്ടി അംഗമായി തുടങ്ങി പൊളിറ്റ് ബ്യൂറോ അംഗം വരെയായി മുഹമ്മദ് അമീൻ പ്രവർത്തിച്ചു. ബംഗാൾ ഇടതുമന്ത്രിസഭയിൽ മന്ത്രി, രാജ്യസഭാ എം പി എന്നീ നിലകളിലെല്ലാം മുഹമ്മദ് അമീൻ വ്യക്തിമുദ്ര പതിപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

Tags:    
News Summary - CPM Leader Muhammed Ameen-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.