മധുര: സി.പി.എം പാർട്ടി കോൺഗ്രസില്‍നിന്ന് യു.കെയിൽ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയെ ഒഴിവാക്കി. പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നടപടി. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്‍റെ വിവാദ ഇടപാടുകൾ ചൂണ്ടികാട്ടി പരാതി എത്തിയതോടെയാണ് അസാധാരണ പുറത്താക്കൽ. യു.കെയിൽനിന്ന് രണ്ട് പ്രതിനിധികളാണ് സമ്മേളനത്തിൽ നിശ്ചയിച്ചിരുന്നത്. ബ്രിട്ടൻ സെക്രട്ടറിയായ ഹർസേവ് ആയിരുന്നു മറ്റൊരു പ്രതിനിധി.
ബ്രിട്ടനിലെ സി.പി.എം അനുകൂല സംഘടനയായ എ.ഐ.സിയെ പ്രതിനിധീകരിച്ചാണ് രാജേഷ് കൃഷ്ണ പാർട്ടി കോൺഗ്രസിനായി എത്തിയത്. പത്തനംതിട്ടയിലെ മുൻ എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനിലാണ് നിലവിൽ താമസം. സിനിമാ നിർമാതാവ് കൂടിയായ രാജേഷ് കൃഷ്ണ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം മധുരയിൽ എത്തിയിരുന്നു.
എന്നാൽ കേന്ദ്ര കമ്മിറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷ് കൃഷ്ണയെതിരിച്ചയക്കാൻ തീരുമാനിച്ചത്. ഇയാൾക്കെതിരെ നേരത്തെ ഒരു സിനിമ സംവിധായകയുടെ ഭർത്താവ് സാമ്പത്തിക തട്ടിപ്പ് പരാതിയുമായും രംഗത്ത് വന്നിരുന്നു. രാജേഷിന്റെ മറ്റ് വിവാദ ഇടപാടുകൾ കൂടി ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കമ്മിറ്റിക്ക് പരാതി എത്തിയത് എന്നാണ് വിവരം. പാർട്ടി കോൺഗ്രസ് പ്രതിനിധിയെ വിവാദ ബന്ധത്തിന്‍റെ പേരിൽ തിരിച്ചയക്കുന്നത് അസാധാരണ നടപടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.