അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ കാസിംപൂർ ഗ്രാമത്തിലെ സ്കൂൾ പരിസരത്ത് മുതല. മുതലയെ കണ്ട് കുട്ടികൾ ബഹളം വെച്ചതോടെ ഗ്രാമവാസികൾ വടികളുമായി ഓടിയെത്തി. മുതലയെ അടിച്ച് ക്ലാസ് മുറിയിൽ കയറ്റി വാതിൽ അടച്ചിട്ടു. കുട്ടികളെല്ലാം ക്ലാസിൽ നിന്ന് പുറത്തിറങ്ങി അധികൃതർ എത്തും വരെ കാത്തു നിന്നു.
പിന്നീട് സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മുതലയെ പിടികൂടി കൊണ്ടുപോയി. മുതലയെ ഗംഗാ നദിയിൽ തുറന്നുവിട്ടതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ദിവാകർ വസിഷ്ത് പറഞ്ഞു.
ഈ പ്രദേശത്ത് നിരവധി അരുവികളും ഗംഗ നദിയും ഒഴുകുന്നുണ്ട്. ഗ്രാമത്തിലെ കുളത്തിൽ നിരവധി മുതലകളെ കണ്ടതായും ഗ്രാമവാസികൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും സ്കൂൾ ജീവനക്കാർ പറയുന്നു.
വെള്ളപ്പൊക്ക സമയത്ത് മുതല അരുവികളിൽ നിന്ന് ഗ്രാമത്തിലെ കുളത്തിലേക്ക് പോകുന്നതിനിടെ വഴിമാറി സ്കൂളിൽ എത്തിയതായിരിക്കുമെന്നാണ് ഗ്രാമവാസികൾ പറയുന്നത്. കുളത്തിൽ കൂടുതൽ മുതലകൾ അധിവസിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നടപടികൾ ആരംഭിച്ചതായി ഡി.എഫ്.ഒ അറിയിച്ചു. ഇവയെ കണ്ടെത്തിയാൽ അതിനെയും പിടികൂടി നദിയിൽ വിടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.