പിഴ കിട്ടിയതിനു പിന്നാലെ വീണ്ടും മോദിയുടെ ബിരുദം ചോദിച്ച് കെജ്‍രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതകൾ അറിയാൻ അവകാശമുള്ള ജനങ്ങളെ അമ്പരപ്പിക്കുന്നതാണ് ഗുജറാത്ത് ഹൈകോടതി വിധിയെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. മോദിയുടെ ഡിഗ്രിയെക്കുറിച്ച് ചോദിച്ച കെജ്രിവാളിന് ഹൈകോടതി 25,000 രൂപ പിഴയിടുകയും ഡിഗ്രിവിവരങ്ങൾ സർവകലാശാല പങ്കുവെക്കണമെന്ന് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തത് കഴിഞ്ഞദിവസമാണ്.

വിവരങ്ങൾ തേടാനും ചോദ്യങ്ങൾ ഉന്നയിക്കാനും ജനാധിപത്യത്തിൽ സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് കെജ്രിവാൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ പഠിപ്പിനെക്കുറിച്ച സംശയങ്ങൾ വർധിപ്പിക്കുന്നതാണ് ഹൈകോടതി വിധി. മോദി ഗുജറാത്ത്, ഡൽഹി സർവകലാശാലകളിൽ പഠിച്ചിട്ടുണ്ടെങ്കിൽ അവർ അത് ആഘോഷിച്ചേനെ. എന്നാൽ, വിവരം മൂടിവെക്കുകയാണ് സർവകലാശാലകൾ ചെയ്യുന്നത്. മോദിക്ക് ഡിഗ്രിയുണ്ടെങ്കിൽ അത് മറച്ചുവെക്കേണ്ടകാര്യം ഗുജറാത്ത് സർവകലാശാലക്കില്ല.

ബിരുദകാര്യം മറച്ചുവെക്കുന്നതിന് രണ്ടു കാരണങ്ങളേയുള്ളൂ -ഒന്നുകിൽ മോദിക്ക് ദുരഹങ്കാരമാണ്. അതല്ലെങ്കിൽ അദ്ദേഹത്തിന്‍റേത് വ്യാജ ഡിഗ്രിയാണ്. നിരക്ഷരത പാപമോ കുറ്റമോ ഒന്നുമല്ല. രാജ്യത്ത് ദാരിദ്ര്യം അത്രയേറെയുണ്ട്. കുടുംബങ്ങളിലെ മോശം സാമ്പത്തിക സാഹചര്യങ്ങൾമൂലം ഔപചാരിക വിദ്യാഭ്യാസം നേടാൻ ഒരുപാടുപേർക്ക് കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ദാരിദ്ര്യത്തിന്‍റെ ദുഃസ്ഥിതി തുടരുകയാണ്.

മോദിയുടെ വിദ്യാഭ്യാസം എന്താണെന്ന് അറിയേണ്ടതുതന്നെയാണ്. രാജ്യത്തെ നയിക്കുന്നയാളാണ്. ശാസ്ത്ര-സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ, ഓരോ ദിവസവും അദ്ദേഹം പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കുന്നു.

പ്രധാനമന്ത്രിക്ക് പഠിപ്പില്ലെങ്കിൽ ഓഫിസർമാരും പല തരക്കാരായ ആളുകളും അദ്ദേഹത്തെ സമീപിച്ച് കാര്യങ്ങൾ നേടിയെടുക്കും. നോട്ടുനിരോധനം നടപ്പാക്കിയതുപോലെ രാജ്യം ഒത്തിരി അനുഭവിക്കേണ്ടിവരും. വേണ്ടത്ര പഠിപ്പുണ്ടായിരുന്നെങ്കിൽ മോദി നോട്ടുനിരോധനം നടപ്പാക്കില്ലായിരുന്നെന്നും കെജ്രിവാൾ പറഞ്ഞു.

Tags:    
News Summary - Day After Being Fined By Court, Arvind Kejriwal Again Asks For PM's Degree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.