ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യരായവരുടെ പട്ടികയിൽ മറ്റൊരു ‘രാഹുൽ ഗാന്ധി’യും. വത്സമ്മയുടെ മകൻ കെ.ഇ. രാഹുൽ ഗാന്ധിയാണ് അയോഗ്യതാ പട്ടികയിലുള്ള അപരൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട പട്ടികയിലാണ് അപരൻ രാഹുൽ ഗാന്ധി ഉൾപ്പെട്ടിട്ടുള്ളത്.
2019 ലെ തെരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥിയായ അപരൻ ‘രാഹുൽ ഗാന്ധി’യെ തെരഞ്ഞെടുപ്പ് കണക്കുകൾ സമർപ്പിക്കാത്തതിന്റെ പേരിലാണ് മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയത്.
വയനാട്ടിൽ രാഹുലിനെതിരെ മത്സരിച്ച ഈ അപരൻ 2196 വോട്ടുകളാണ് നേടിയത്. ഏഴ് എലക്ഷം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചത്.
പ്രധാന നേതാക്കൾക്ക് ലഭിക്കുന്ന വോട്ട് വിഹിതം കുറക്കാൻ അപരൻമാരെ ഇറക്കുന്നത് തെരഞ്ഞെടുപ്പിൽ സാധാരണയാണ്. എന്നാൽ മത്സരിച്ച എല്ലാവരും തെരഞ്ഞെടുപ്പ് കണക്കുകൾ സമർപ്പിക്കണമെന്നത് ജനപ്രാതിനിധ്യനിയമ പ്രകാരം നിർബന്ധമാണ്. അത് ചെയ്യാത്തതിനെ തുടർന്നാണ് കെ.ഇ. രാഹുൽ ഗാന്ധി അയോഗ്യനായത്.
എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അപകീർത്തിക്കേസിന്റെ പേരിൽ മത്സരത്തിക്കുന്നതിൽ അയോഗ്യത നേരിടുകയാണ്. കെ.ഇ രാഹുൽ ഗാന്ധിക്ക് 2021 സെപ്തംബർ 13 മുതൽ 2024 സെപ്തംബർ 13 വരെയാണ് അയോഗ്യത. തെരഞ്ഞെടുപ്പ് കണക്കുകൾ സമർപ്പിക്കാത്തതിന് കണക്കുകൾ സമർപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച തിയതി മുതൽ മൂന്ന് വർഷത്തേക്കാണ് അയോഗ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.