ന്യൂഡൽഹി: പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾക്ക് പകവീട്ടുന്നത് പോലെയാണ് രാജ്യത്തെ വിചാരണ കോടതികൾ പലപ്പോഴും വധശിക്ഷ വിധിക്കുന്നതെന്ന് സുപ്രീംകോടതി വിമർശനം. വിചാരണക്കിടെ ഒരിക്കല്‍പോലും പ്രതികള്‍ക്ക് മാനസാന്തരം ഉണ്ടാകാനുള്ള സാഹചര്യമുണ്ടോയെന്ന് പരിശോധിക്കുന്നു പോലുമില്ലെന്നും ജസ്റ്റിസുമാരായ യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തി.
2015ൽ മധ്യപ്രദേശിലുണ്ടായ ഒരു കേസിന്‍റെ വിധി പ്രസ്താവവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹൈകോടതി ശരിവെച്ച, ആറിൽ മൂന്നുപേരുടെ വധശിക്ഷ റദ്ദാക്കിയ മൂന്നംഗ ബെഞ്ച്, ശിക്ഷ വിധിക്കുന്നതിൽ കോടതികൾക്ക് സുപ്രധാന മാർഗനിർദേശം പുറപ്പെടുവിച്ചു. പ്രതികളുടെ കുടുംബ, സാമൂഹിക, സ്വഭാവ പശ്ചാത്തലങ്ങള്‍ കണക്കിലെടുത്ത് വീഴ്ചകള്‍ക്ക് ചെറിയ തിരുത്ത് കൊണ്ടുവരുന്നതിനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കുന്നതെന്നും കോടതി അറിയിച്ചു.
ശിക്ഷയുടെ കാഠിന്യം കുറക്കുന്നതിനുള്ള സാഹചര്യങ്ങൾ വിചാരണ തലം മുതല്‍ തന്നെ കോടതികൾ അടിയന്തരമായി കണക്കിലെടുക്കണമെന്ന് മാർഗ നിർദേശത്തിൽ ആവശ്യപ്പെട്ടു. പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് വിചാരണ കോടതിതലം മുതല്‍ തന്നെ പരിശോധിക്കണം. വധശിക്ഷയിലേക്ക് നയിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നവരുടെ മനോനിലയും മാനസിക ആരോഗ്യപരവുമായ വിവരങ്ങൾ സംസ്ഥാനങ്ങള്‍ വിചാരണ കോടതിയിൽ ലഭ്യമാക്കണം. ഇത് കുറ്റം നടന്ന സമയത്തുള്ള പ്രതിയുടെ മനോനില വിലയിരുത്താനും ശിക്ഷയുടെ കാഠിന്യം കുറക്കാനും സഹായിക്കും. ഇവയെല്ലാം പരിശോധിച്ച് മാത്രമെ വധശിക്ഷ വിധിക്കുന്നതിലേക്ക് പോകാവൂയെന്നും ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.