ശ്രീനഗർ: മരിച്ചതായി ആശുപത്രി അധികൃതർ വിധിയെഴുതിയ നവജാത ശിശുവിന് സംസ്ക്കാര ചടങ്ങുകൾക്കിടെ ജീവനുള്ളതായി കണ്ടെത്തി. ജമ്മുകശ്മീരിലെ റംബാൻ ജില്ലയിലാണ് സംഭവം. ബനിഹാൽ സബ്ബ് ജില്ല ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ബാങ്കോട് സ്വദേശി ബഷാരത്ത് അഹമ്മദിന്‍റെ ഭാര്യ കുഞ്ഞിനെ പ്രസവിച്ചത്. എന്നാൽ, പ്രസവത്തോടെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.
തുടർന്ന്, ബന്ധുക്കൾ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ കുഞ്ഞ് അനങ്ങുന്നത് കൂട്ടത്തിലുണ്ടായിരുന്ന ഒരു കുടുംബാംഗം കാണുകയും മറ്റുള്ളവരെ വിവരമറിയിക്കുകയും ചെയ്തു. ഉടൻ തന്നെ കുഞ്ഞിനെ സബ്ബ് ജില്ല ആശുപത്രിയിലേക്ക് തിരികെ കൊണ്ട് വന്നു. വിദഗ്ധ ചികിത്സക്കായി പിന്നീട് ശ്രീനഗറിലെ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. കുഞ്ഞിന്‍റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
അതേസമയം, സംഭവത്തിൽ രോക്ഷാകുലരായ കുഞ്ഞിന്‍റെ ബന്ധുക്കൾ സബ്ബ് ജില്ല ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജൂനിയർ സ്റ്റാഫ് നഴ്സ് അടക്കം രണ്ട് ജീവനക്കാരെ സസ്പെന്‍റ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പക്ഷെ പ്രതിഷേധം അവസാനിപ്പിക്കാൻ ബന്ധുക്കൾ തയ്യാറായില്ല. തുടർന്ന്, എസ്.എച്ച്.ഒ ബനിഹാൽ മുനീർ ഖാന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം ആശുപത്രിയിലെത്തി വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് കുഞ്ഞിന്‍റെ ബന്ധുക്കൾക്ക് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.