ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി (എ.എ.പി) നേതാവ് അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനൂകൂലമായി വോട്ടുചെയ്യുന്നതിന് വോട്ടർമാർക്ക് ബി.ജെ.പി പണവും സ്വർണമാലയും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിലെ രണ്ട് കോളനികളിലാണ് ഇവ വിതരണം ചെയ്തത്. മറ്റു സ്ഥലങ്ങളിൽ സാരി, പുതപ്പ്, ബെഡ്ഷീറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നതായും കെജ്രിവാൾ ആരോപിച്ചു.
പ്രചാരണത്തിന് സർക്കാർ വാഹനം ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി അതിഷിക്കെതിരായ പരാതി വ്യക്തമാക്കുന്നത് വ്യക്തമായ ഭൂരിപക്ഷത്തോടെ സ്ഥിരതയുള്ള സർക്കാർ രൂപവത്കരിക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിയുമെന്നാണ്. കൂടാതെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാനില്ലാത്ത ബി.ജെ.പി, ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കാൻ നിലപാടോ കാഴ്ചപ്പാടോ ഇല്ലാതെ ആയുധം വെച്ച് കീഴടങ്ങിയിരിക്കുന്നു.
വോട്ടർമാരെ ആകർഷിക്കാൻ നിയമവിരുദ്ധ മാർഗങ്ങൾ അവലംബിക്കുകയാണ് ബി.ജെ.പി. തങ്ങൾ വിജയിക്കില്ലെന്ന് ഉറപ്പായതോടെ ബി.ജെ.പി നേതാക്കൾ വോട്ടർമാർക്ക് വിതരണം ചെയ്യാൻ പാർട്ടി നേതൃത്വം നൽകുന്ന പണത്തിന്റെ ഒരു ഭാഗം സ്വന്തം പോക്കറ്റുകളിലാക്കുകയാണ്. ഇത് ജനങ്ങളിൽ രോഷത്തിന് കാരണമായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഒരു വോട്ടറെ സ്വാധീനിക്കാനായി 10,000 രൂപ നൽകാൻ പാർട്ടി നേതൃത്വം ഏൽപിക്കുമ്പോൾ അതിൽ 9,000 രൂപയും സ്വന്തം പോക്കറ്റിലാക്കുകയാണ്. ബാക്കി മാത്രമേ വോട്ടർമാർക്ക് നൽകുന്നുള്ളൂ. ഇക്കാര്യം അറിയുന്ന ജനങ്ങൾ അതേക്കുറിച്ച് അവരോട് ചോദിക്കുകയാണിപ്പോൾ.
ചില കോളനികളിൽ അവർ പണവും സാരിയും പുതപ്പും പരസ്യമായി വിതരണം ചെയ്യുന്നു. ഒന്നോ രണ്ടോ കോളനികളിൽ സ്വർണ ചെയിൻ വിതരണം ചെയ്തു. വോട്ട് വിലയ്ക്കു വാങ്ങുമെന്ന് ബി.ജെ.പി പരസ്യമായി പറയുകയാണ്. തങ്ങളെ വിലകൊടുത്ത് വാങ്ങാനാവില്ലെന്ന് അവർക്ക് തെളിയിച്ചു കൊടുക്കണം. എ.എ.പി സ്ഥാനാർഥികൾ ഉൾപ്പെടെ ആരെങ്കിലും പണവും പുതപ്പും ബെഡ്‌ഷീറ്റും നൽകി വോട്ട് വാങ്ങാൻ ശ്രമിച്ചാൽ വോട്ട് ചെയ്യരുതെന്ന് ഡൽഹിയിലെ ജനങ്ങളോട് കെജ്രിവാൾ ആവശ്യപ്പെട്ടു.
പണവും വസ്തുക്കളും വിതരണം ചെയ്ത് വോട്ട് വാങ്ങുന്നവർ ‘രാജ്യദ്രോഹികൾ’ ആണ്. ബി.ജെ.പി നേതാക്കൾ പരസ്യമായി വോട്ട് വാങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കെതിരെ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യുന്നില്ലെന്ന് അതിഷിക്കെതിരായ പരാതി പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഈ തെറ്റായ സമ്പ്രദായം മാറ്റി ശുദ്ധീകരിക്കേണ്ടത് ജനങ്ങളോടൊപ്പം ചേർന്നാണ്. ബി.ജെ.പിയും കോൺഗ്രസും തെറ്റായ സമ്പ്രദായത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അഴിച്ചുവിട്ട ഭീകരത കാരണം തിരഞ്ഞെടുപ്പ് കമീഷൻ നിശബ്ദത പാലിക്കുകയാണെന്ന് രാജ്യസഭ അംഗവും എ.എ.പി നേതാവുമായ സഞ്ജയ് സിങ് പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥി പർവേഷ് വർമ പണവും കണ്ണടയും ബെഡ്‌ഷീറ്റും വിതരണം ചെയ്തതായ പരാതികൾ അദ്ദേഹം പരാമർശിച്ചു. അതിഷിയുടെ കേസ് പരാമർശിക്കുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട് ജില്ല മജിസ്‌ട്രേറ്റിനെയും പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യണമെന്ന് സഞ്ജയ് സിങ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.