മുഖ്യമന്ത്രി രേഖ ഗുപ്ത
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) ഭരണക്കാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദ് ചെയ്ത് പുതിയ ബി.ജെ.പി സർക്കാർ. മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഒദ്യോഗിക ഉത്തരവിലൂടെ സർക്കാർ നടപടി പ്രഖ്യാപിച്ചത്. നടപടി ഉടൻ പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ സർക്കാരുമായി ബന്ധപ്പെട്ട ബോർഡുകൾ, കമ്മിറ്റികൾ, അക്കാദമികൾ എന്നിവയിലെ കൂടുതൽ പേരെ ഈ ഉറ്റത്തരവ് ലക്ഷ്യമിടുന്നുണ്ട്.
ഭരണപരമായ യോഗ്യതയ്ക്ക് പകരം 'രാഷ്ട്രീയ നേട്ടത്തിന്' വേണ്ടി നടത്തിയ നിയമങ്ങളാണ് റദ്ദ് ചെയ്യുന്നതെന്നാണ് ഡൽഹി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവനുസരിച്ച് നിലവിലുള്ളതും, മുൻ ആം ആദ്മി എം.എൽ.എമാരുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളെയാണ് ഇത് ബാധിക്കുക. കൂടാതെ ഡൽഹി ജലവിഭവ ബോർഡ്, ഹജ്ജ് കമ്മിറ്റി, മറ്റ് ഭാഷ അക്കാദമികൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉയർന്ന സ്ഥാനങ്ങളിലുള്ള മുതിർന്ന പാർട്ടി നേതാക്കളെയും ഈ ഉത്തരവ് ബാധിക്കും.
ഡൽഹി ജലവിഭവ വകുപ്പ് ചെയർമാനായ എം.എൽ.എ പവൻ റാണ, വൈസ് ചെയർമാൻ എം.എൽ.എ വിനയ് മിശ്ര, മുൻ എ.എ.പി മന്ത്രി ജിതേന്ദ്ര തോമറിന്റെ ഭാര്യ പ്രീതി തോമർ എന്നിവരുടെ നിയമനത്തെ ഈ ഉത്തരവ് ബാധിക്കും. കൂടാതെ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുൻ എം.എൽ.എ അബ്ദുൽ റഹ്‌മാൻ, ഹാജി യൂനുസ് എന്നിവരെയും പഞ്ചാബി അക്കാദമി ചെയർമാനായ ജർണൈൽ സിങിന്റെയും നിയമനം റദ്ദ് ചെയ്യും.
ഈ നിയമനങ്ങൾ രാഷ്ട്രീയ പ്രേരിതവും നിർണായക സ്ഥാപനങ്ങളുടെ സ്വയംഭരണത്തിൽ വിട്ടുവീഴ്ച ചെയ്തതുമായിരുന്നു. ഈ പുതിയ ഉത്തരവിലൂടെ ഭരണ ഘടനക്കുള്ളിൽ സുതാര്യത പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടം അഭിപ്രായപ്പെട്ടു. ഭാവിയിലെ നിയമനങ്ങൾ കർശനമായ പരിശോധനക്ക് വിധേയമാക്കുമെന്നും, രാഷ്ട്രീയ ബന്ധത്തേക്കാൾ യോഗ്യതക്ക് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.