ന്യൂഡൽഹി: ഡൽഹി സിവിൽ സർവിസ് കോച്ചിങ് സെന്ററിന്റെ ഭൂഗർഭ നിലയിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം അലയടിച്ചു. രാജ്യസഭയിൽ പ്രത്യേക ചർച്ച നടന്നപ്പോൾ ലോക്സഭയിൽ ചോദ്യോത്തരവേളയിലും ശൂന്യവേളയിലുമാണ് അംഗങ്ങൾ വിഷയമുന്നയിച്ചത്. രാജ്യസഭയിൽ തിങ്കളാഴ്ച രണ്ട് മണിക്കൂർ ഹൃസ്വ ചർച്ചക്കാണ് സഭ ചെയർമാൻ ജഗദീപ് ദൻഖർ അനുമതി നൽകിയത്.
ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി അംഗങ്ങൾ ഡൽഹിയും മുനിസിപ്പൽ കോർപറേഷനും ഭരിക്കുന്ന ആം ആദ്മി പാർട്ടിയെ (ആപ്) കുറ്റപ്പെടുത്തിയപ്പോൾ രാജസ്ഥാനിലെ കോട്ടയിൽ കോച്ചിങ് വിദ്യാർഥികൾ ആത്മഹത്യചെയ്തതടക്കം ഉയർത്തിയും സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങളാണ് കോച്ചിങ് സെന്റുകളുടെ വളർച്ചക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയും പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. ഭൂഗർഭ കേന്ദ്രങ്ങളിൽ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ടെന്ന പരാതി ഉണ്ടായിട്ടും പരിശോധന നടന്നില്ലെന്ന് കേന്ദ്ര നഗര വികസന മന്ത്രി മനോഹർ ലാൽ കുറ്റപ്പെടുത്തി. ജനുവരിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും അത് പാലിച്ചിരുന്നെങ്കിൽ ഈ ദാരുണ സംഭവം തടയാമായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
അനുമതിയില്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പല കോച്ചിങ് സെന്ററുകളും മാഫിയകളെപ്പോലെയാണെന്നും ഇതു സംബന്ധിച്ച് എന്തെങ്കിലും ഇടപെടൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നും ലോക്സഭയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു. വിദ്യാഭ്യാസത്തെ ചരക്കാക്കി മാറ്റുന്നതുകൊണ്ടാണ് കോച്ചിങ് സെന്ററുകൾ കൂൺപോലെ വളരുന്നതെന്നും ടി.എം.സി അംഗം ഡെറിക് ഒബ്രേൺ ചൂണ്ടിക്കാട്ടി. നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഫ്.ഗവർണറുടെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്ന് ആപ് എം.പി സഞ്ജയ് സിങ് പറഞ്ഞു. കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജെവാല, ഡി.എം.കെയുടെ തിരുച്ചിശിവ, ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ് തുടങ്ങിയ എം.പിമാരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.