ന്യൂഡൽഹി: കോവിഡ് സാഹചര്യമായതിനാൽ കോടതി നടപടിക്രമങ്ങൾ പലതും ഓൺലൈനിലൂടെയാണ് ഇപ്പോൾ നടക്കാറ്. പല കേസുകളുടേയും വാദം കേൾക്കലുകൾ വീഡിയോ കോൺഫറൻസ് വഴിയാണ് നടക്കുന്നത്. എന്നാൽ വാദപ്രതിവാദങ്ങൾ നടത്തുന്ന അഭിഭാഷകരുടെ ഔചിത്യമില്ലായ്മയിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ഡൽഹി ഹൈകോടതി.
അധികം ബഹളങ്ങളില്ലാത്ത ശാന്തമായ സ്ഥലത്തു നിന്നുകൊണ്ട് കോടതി നടപടികളിൽ പങ്കെടുക്കുന്നതിന് പകരം റോഡരികിലും പാർക്കിലും മറ്റും നിന്നുകൊണ്ടും കോണിപ്പടി ഓടിക്കയറിക്കൊണ്ടുമൊക്കെയാണ് പല അഭിഭാഷകരും വാദങ്ങളുന്നയിക്കുന്നത്.
അഭിഭാഷകരുടെ ഇത്തരം പ്രവർത്തികൾ കൊണ്ട് പലപ്പോഴും പറയുന്ന കാര്യങ്ങൾകൃത്യമായി കേൾക്കാൻ സാധിക്കാതെ വരുന്നു. ഇടക്കിടെ കോടതി നടപടികൾ തടസപ്പെട്ടതോടെ ജസ്റ്റിസ് പ്രതിഭ എം.സിങ്ങിെൻറ ഏക ന്യായാധിപ ബെഞ്ചിനെ ഇത് രോഷാകുലയാക്കി.
''വിഡിയോ കോൺഫറൻസിങ് ചട്ടമനുസരിച്ച് ബന്ധപ്പെട്ട കക്ഷികൾ ശാന്തമായ സ്ഥലത്ത് നിന്നുകൊണ്ടായിരിക്കണം വാദം കേൾക്കലിൽ പങ്കെടുക്കേണ്ടത്. വ്യക്തമായ കാഴ്ച സാധ്യമായില്ലെങ്കിലും കൃത്യമായി കേൾക്കാൻ സാധിക്കണം.''-കോടതി നിരീക്ഷിച്ചു.
പറയുന്ന കാര്യങ്ങൾ അഭിഭാഷകർക്ക് കേൾക്കാൻ സാധിക്കാത്തതിനാൽ 45 മിനിട്ടിൽ ഒരു വിഷയത്തിൽ മാത്രമേ വാദം കേൾക്കൽ സാധ്യമാകുന്നുള്ളൂ. പറയുന്നത് കേൾക്കുന്നുണ്ടോ ഇല്ലയോ എന്ന് ചോദിച്ചും അതിന് മറുപടി പറഞ്ഞുമാണ് കൂടുതൽ സമയവും നഷ്ടപ്പെടുന്നത്. ഈ പ്രശ്നങ്ങളിൽ കോടതി അതൃപ്തി അറിയിക്കുകയായിരുന്നു.
ഡൽഹി ഹൈകോടതിയിൽ 11 ബെഞ്ചുകളാണ് നിലവിൽ നേരിട്ടെത്തി വാദം കേൾക്കുന്നത്. മറ്റുള്ള ബെഞ്ചുകളുടെ വാദം കേൾക്കൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് നടക്കുന്നത്. കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ തലസ്ഥാന നഗരിയിൽ കഴിഞ്ഞ വർഷം മാർച്ച് മുതലാണ് വിർച്വൽ വാദം കേൾക്കലിന് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.