ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത മകനെ പിതാവ് ലൈംഗികമായി പിഡിപ്പിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി. എഫ്.െഎ.ആർ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവാണ് ഹരജി സമർപ്പിച്ചത്. ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും താനും ഭാര്യയും തമ്മിൽ ദാമ്പത്യ പ്രശ്‌നങ്ങളുള്ളതിനാൽ കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് പിതാവ് ഹരജിയിൽ പറഞ്ഞത്.
ക്രൂരമായ ലൈംഗികാതിക്രമത്തിനും (സെക്ഷൻ 10), ലൈംഗിക പീഡനത്തിനും (സെക്ഷൻ 12) ആണ് പോക്സോ വകുപ്പുകൾ ചുമത്തി പിതാവിനെതിരെ കേസെടുത്തിരുന്നത്. സൗത്ത് വെസ്റ്റ് ദ്വാരക കോടതിയിലെ അഡീഷ്നൽ സെഷൻസ് ജഡ്ജിക്ക് മുമ്പിലാണ് കേസ് ഇപ്പോഴുമുള്ളത്. കസ്റ്റഡിയിലെടുത്ത ശേഷം ഹരജിക്കാരന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് എഫ്.െഎ.ആറും തുടർ നടപടിക്രമങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈകോടതിയെ സമീപിച്ചത്.
ലൈംഗികാതിക്രമവും അത് നടത്തിയ രീതി, സമയം, സ്ഥലങ്ങൾ, തീയതികൾ എന്നിവ മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ കുട്ടി വിവരിച്ചതായി ജസ്റ്റിസ് ശർമ്മ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ ദാമ്പത്യ കലഹമായി കാണാനാകില്ലെന്നും ലൈംഗികാതിക്രമം ഉണ്ടായാൽ നീതി നേടിയെടുക്കാൻ ഇരയായ കുട്ടിക്ക് മൗലികാവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. മൂന്ന് വർഷത്തിനിടെ കുട്ടിയെ നിരവധിതവണ പിതാവ് പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
രക്ഷിതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം 2021 ജൂലൈയിലാണ് മാതാവ് മകനെ തന്‍റെ സഹോദരനോടൊപ്പം മാറ്റിയത്. തുടർന്ന്, അമ്മ ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സഹായം തേടി. പിതാവ് പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞതായി സൈക്കോളജിസ്റ്റ് അമ്മയോട് വെളിപ്പെടുത്തിയിരുന്നു. 2021 ഡിസംബർ ആറിന് ഡോക്ടർ അന്തിമ റിപ്പോർട്ടും നൽകി. ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.