ന്യൂഡല്‍ഹി: മുസ്ലിംകള്ക്കെതിരായ ഡല്‍ഹി വംശീയാതിക്രമവും ദലിതുകള്‍ക്കെതിരായ ഭീമ കൊറേഗാവ് കലാപവും നടപ്പാക്കിയത് ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ അനുയായികളാണെന്ന് ന്യൂയോർക് ആസ്ഥാനമായുള്ള അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്.
ഡല്‍ഹി വംശീയാതിക്രമത്തിെൻറ പേരില്‍ ആക്ടിവിസ്റ്റുകള്‍ക്കും അക്കാദമിക് പണ്ഡിതര്‍ക്കും വിദ്യാര്‍ഥി നേതാക്കള്‍ക്കുമെതിരെ ചുമത്തിയ അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 13ന് ഡല്‍ഹി കലാപത്തിെൻറ പ്രധാന ഗൂഢാലോചകരിലൊരാളാണെന്നു പറഞ്ഞ് ഉമര്‍ ഖാലിദ് എന്ന ആക്ടിവിസ്റ്റിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് മനുഷ്യാവകാശ ഗ്രൂപ് കുറ്റപ്പെടുത്തി. ഡല്‍ഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഭരണകൂടം കൂടുതല്‍ രാഷ്ട്രീയ പ്രേരിതമായ കേസുകള്‍ ഉണ്ടാക്കുകയാണ്. സര്‍ക്കാറിെൻറ വിമര്‍ശകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഭീകര നിയമങ്ങളും ചുമത്തുകയാണ്.
ഭീമ കൊറേഗാവ് കേസിലും മൂന്ന് ദലിത് നേതാക്കളെ കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് അറസ്റ്റ് ചെയ്തു. ഭീമ കൊറേഗാവ് കലാപവും ഡല്‍ഹി വംശീയാതിക്രമവും നടപ്പാക്കിയത് ബി.ജെ.പിയുടെ അനുയായികളാണ്.സര്‍ക്കാര്‍ നയങ്ങളെ സമാധാനപരമായി വിമര്‍ശിക്കുന്നവരെയെല്ലാം അക്രമത്തിന് പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചുറച്ചിരിക്കുകയാണെന്നും ഇത് ബി.ജെ.പിയുടെ പദ്ധതിയാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സൗത്ത് ഏഷ്യ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പ്രസ്താവനയില്‍ വ്യക്തമാക്കി.
സീതാറാം യെച്ചൂരി, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ് എന്നിവരുടെ പേരുകളും ഡല്‍ഹി പൊലീസ് കണ്ടെത്തിയ കൂട്ടത്തിലുണ്ട്. വിരമിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും ഐക്യരാഷ്ട്ര സഭ വിദഗ്ധരും അടക്കമുള്ളവര്‍ ഇന്ത്യക്കകത്തും പുറത്തും ഈ അറസ്റ്റുകളെ രൂക്ഷമായി വിമര്‍ശിക്കുകയാണെന്നും മീനാക്ഷി ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.