ബംഗളൂരു/മുംബൈ: മഹാരാഷ്ട്രയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രണ്ടു ദിവസത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസ് അധികാരത്തിലേറിയത് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന 40,000 കോടിയുടെ കേന്ദ്ര ഫണ്ട് കേന്ദ്ര സർക്കാറിന് തിരിച്ചുകൊടുക്കാനായിരുന്നുവെന്ന മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ ആനന്ദ്കുമാർ ഹെഗ്ഡേയുടെ പ്രസ്താവന വിവാദത്തിൽ. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ബി.ജെ.പിയുടെ മഹാരാഷ്ട്ര നാടകത്തിന് പുതിയ മാനം നൽകിയ ഹെഗ്ഡേയുടെ വിവാദ പ്രസ്താവന.
മഹാരാഷ്ട്രയുടെ വികസനത്തിന് ഉപയോഗിക്കേണ്ടിയിരുന്ന കേന്ദ്ര ഫണ്ട് സേന-എൻ.സി.പി-കോൺഗ്രസ് സർക്കാർ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഫഡ്നാവിസിെൻറ ആസൂത്രിത നാടകം. സത്യപ്രതിജ്ഞ ചെയ്ത് 15 മണിക്കൂറിനകം ഫണ്ട് സുരക്ഷിത കരങ്ങളിൽ എത്തിച്ചെന്നും ഹെഗ്ഡേ കൂട്ടിച്ചേർത്തു. അതേസമയം, ഹെഗഡേയുടെ അവകാശവാദം ഫഡ്നാവിസ് തള്ളി. കേന്ദ്രം എന്തെങ്കിലും ഫണ്ട് ചോദിക്കുകയോ മഹാരാഷ്ട്ര സർക്കാർ ഫണ്ട് തിരിച്ചുകൊടുക്കുകയോ ചെയ്തിട്ടില്ല. നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ സംസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കുന്ന റോൾ മാത്രമേയുള്ളൂ. ഒരു രൂപ പോലും കേന്ദ്രത്തിന് തിരിച്ചുകൊടുത്തിട്ടില്ലെന്നും ഫഡ്നാവിസ് വിശദീകരിച്ചു.
ആനന്ദ്കുമാർ ഹെഗ്ഡേയുടെ പ്രസ്താവനയുടെ വെളിച്ചത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു. ഇത്തരം അനീതി ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകൾക്ക് അംഗീകരിക്കാനാകില്ലെന്ന് പാർട്ടി വക്താവ് നവാബ് മാലിക് പറഞ്ഞു. ഹെഗ്ഡേയുടെ പ്രസ്താവനയിലൂടെ മഹാരാഷ്ട്രയോടുള്ള ചതിയാണ് വ്യക്തമാകുന്നതെന്ന് ശിവസേന പ്രതികരിച്ചു. ഫഡ്നാവിസും ബി.ജെ.പിയും മഹാരാഷ്ട്രക്കാരെ ക്രിമിനലുകളാക്കിയെന്ന് പാർട്ടി എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. ഹെഗ്ഡേയുടെ പ്രസ്താവന സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.