മുംബൈ: മഹായുതിയുടെ കൂറ്റൻ വിജയത്തോടെ മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച് ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ്. 288ൽ 224 മഹായുതിയും അതിൽ ബി.ജെ.പി ഒറ്റക്ക് 130ഉം സീറ്റാണ് നേടിയത്. ഫഡ്നാവിസിന്റെ ആസൂത്രണത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങിയത്. ഇത്തവണ ആർ.എസ്.എസ് നിശ്ശബ്ദ പ്രചാരണത്തിന് ഇറങ്ങിയതിനു പിന്നിലും അദ്ദേഹത്തിന്റെ ബുദ്ധിയാണ്.
2019ൽ ശിവസേന കൂറുമാറിയതോടെ നഷ്ടപ്പെട്ട അധികാരം രണ്ടുവർഷത്തിനുശേഷം അവരെ പിളർത്തി തിരിച്ചുപിടിച്ചതിനും പിന്നീട് എൻ.സി.പിയെ പിളർത്തി ഒപ്പംകൂട്ടിയതിനും പിന്നിൽ ഫഡ്നാവിസ് ആണെന്ന് കരുതപ്പെടുന്നു. 2022ൽ അധികാരം തിരിച്ചുപിടിച്ചെങ്കിലും മുഖ്യനാകാൻ ഫഡ്നാവിസിന് കഴിഞ്ഞില്ല. ശിവസേനയെ പിളർത്തിയ ഏക്നാഥ് ഷിൻഡെയെ ആണ് മുഖ്യനാക്കിയത്.
ആർ.എസ്.എസിൽ വളർന്ന ഫഡ്നാവിസ് 1992ൽ നാഗ്പുരിൽ കോർപറേറ്ററായാണ് രാഷ്ട്രീയ തുടക്കം. 27ാം വയസ്സിൽ രാജ്യത്തെ രണ്ടാമത്തെ പ്രായം കുറഞ്ഞ മേയറായി. 1999ലാണ് നിയമസഭയിലെത്തുന്നത്. 2014ൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ മുതിർന്ന നേതാക്കളെ തഴഞ്ഞ് ഫഡ്നാവിസിനെയാണ് കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത്. 2019ൽ അജിത് പവാറിനൊപ്പം നടന്ന പാതിര സത്യപ്രതിജ്ഞയിലൂടെ മൂന്ന് ദിവസത്തേക്ക് മുഖ്യനായി. ആര് മുഖ്യമന്ത്രിയാകുമെന്ന് തിങ്കളാഴ്ച വൈകീട്ടോടെ വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.