ദൂരദർശനിൽ അഭിമുഖകാരനായി ബി.ജെ.പി മീഡിയ സെൽ മേധാവി; അഭിമുഖം നടത്തിയത് ഫഡ്നാവിസിനെ

ദൂരദർശനിൽ അഭിമുഖകാരനായി ബി.ജെ.പി മീഡിയ സെൽ മേധാവി; അഭിമുഖം നടത്തിയത് ഫഡ്നാവിസിനെ

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ചാനലിൽ അഭിമുഖകാരനായി എത്തിയത് ബി.ജെ.പി മീഡിയ സെൽ മേധാവി. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസുമായി അഭിമുഖം നടത്താനാണ് ബി.ജെ.പി മഹാരാഷ്ട്ര 'മീഡിയ സെൽ' പ്രസിഡന്റ് നവ്‌നാഥ് ബാൻ എത്തിയത്. ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 2024 ഡിസംബർ ആറിനായിരുന്നു ചാനൽ അഭിമുഖം പുറത്തുവിട്ടത്.

ടാലന്റ്- ആർട്ടിസ്റ്റ് ബുക്കിങ് സിസ്റ്റം വഴിയാണ് മുഖ്യമന്ത്രിയുമായി അഭിമുഖം നടത്താൻ നവ്‌നാഥിനെ തിരഞ്ഞെടുത്തതെന്നും അതിനുള്ള പ്രതിഫലം നൽകിയിട്ടുണ്ടെന്നും ‘ദി വയർ’ ഉന്നയിച്ച വിവരാവകാശ ചോദ്യത്തിന് നൽകിയ മറുപടിയിൽ ദൂരദർശൻ വ്യക്തമാക്കി. ‘വിവിധ പെർഫോമിങ് ആർട്ടിസ്റ്റുകളെ തെരഞ്ഞെടുക്കാൻ ദൂരദർശനിൽ ടാലന്റ്, ആർട്ടിസ്റ്റ് ബുക്കിങ് സിസ്റ്റമുണ്ട്. ഈ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് നവ്‌നാഥ് ബാനിനെ അഭിമുഖത്തിനായി തെരഞ്ഞെടുത്തത്’ -മറുപടിയിൽ പറയുന്നു.

അതേസമയം, സംഭവം ചോദ്യം ചെയ്ത് ആരെങ്കിലും കോടതിയിൽ പോയാൽ പ്രസാർ ഭാരതി കുടുങ്ങു​മെന്ന് പ്രസാർ ഭാരതി മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജവഹർ സിർക്കാർ പറഞ്ഞു. “ദൂരദർശന്റെ പൊതുസ്വഭാവം പൂർണ്ണമായും ഇല്ലാതായി. ഈ അഭിമുഖത്തിൽ രണ്ട് വ്യക്തികളും ഒരേ പാർട്ടിയിൽപെട്ടവരാണ്. അടിസ്ഥാനപരമായി ദൂരദർശനെ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടത്താനുള്ള ഉപകരണമാക്കി മാറ്റുന്നു. നാളെ ശിവസേന (യുബിടി) സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നാൽ ദൂരദർശനിൽ സമാനമായ അഭിമുഖം നടത്തുമോ? ഉദ്ധവ് താക്കറെയുമായി അഭിമുഖം നടത്താൻ അവർ സാംനയുടെ എഡിറ്ററെ ക്ഷണിക്കുമോ?” സിർക്കാർ ചോദിച്ചു.

മുഖ്യമന്ത്രിയായ ശേഷം ഫഡ്നാവിസ് നൽകിയ ആദ്യ അഭിമുഖമായിരുന്നു ദൂരദർശനിലേത്. ഏകദേശം 18 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം ബിജെപിയുടെയും മഹായുതി സഖ്യത്തിന്റെയും ‘പ്രമോഷണൽ വിഡിയോ’ ആണെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു. പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡിഡി സഹ്യാദ്രി ചാനലിൽ ഡിസംബർ 6 ന് വൈകീട്ട് 6.30നാണ് അഭിമുഖം സംപ്രേഷണം ചെയ്തത്.

‘അഭിമുഖം നടത്തിയ നവനാഥ് ബാൻ ചാനൽ ജീവനക്കാരനാണോ? എങ്കിൽ, അദ്ദേഹത്തിന്റെ പദവിയും മറ്റ് അനുബന്ധ വിശദാംശങ്ങളും എന്താണ്? ജീവനക്കാരനല്ലാത്തയാൾക്ക് മുഖ്യമന്ത്രിയുമായി അഭിമുഖം നടത്താൻ ചാനൽ നിയമങ്ങൾ അനുവദിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, എന്താണ് ആ നിയമം?’ എന്നീ ചോദ്യങ്ങളാണ് വിവശരാവകാശ നിയമപ്രകാരം ഉന്നയിച്ചത്.

നവനാഥ് ബാൻ ദൂരദർശൻ സഹ്യാദ്രി ചാനലിലെ ജീവനക്കാരനല്ലെന്ന് മറുപടിയിൽ പ്രസാർ ഭാരതി അറിയിച്ചു. ടാലന്റ്- ആർട്ടിസ്റ്റ് ബുക്കിങ് സിസ്റ്റം സംവിധാനത്തിലൂടെ അഭിമുഖകാരനായി മറ്റാരെങ്കിലും ഉണ്ടായിരു​ന്നോ എന്നും എന്താണ് യോഗ്യതയായി കണക്കാക്കിയതെന്നും മറുപടിയിൽ പറയുന്നില്ല.മറാത്തി വാർത്താ ചാനലായ എ.ബി.പി മാജ്ഹയിൽ ഏകദേശം 10 വർഷത്തോളം പത്രപ്രവർത്തകനായിരുന്ന നവ്നാഥ്, 2023 ജനുവരി 16 നാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് മഹാരാഷ്ട്ര മീഡിയ മേധാവിയായി നിയമിക്കപ്പെട്ടു. ബിജെപിയുടെ പരിപാടികളിൽ അദ്ദേഹം പ്രധാന സാന്നിധ്യമായിരുന്നു. ഫഡ്‌നാവിസുമായും ബിജെപി മഹാരാഷ്ട്ര പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെയുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.


Tags:    
News Summary - Devendra Fadnavis's Doordarshan Interviewer Was the Head of the BJP's Maharashtra Media Cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.